സിറിയയുമായും ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയുടെ നിര്‍ണായക നീക്കം

ഇറാനും ഇറാഖിനും യമനും പിന്നാലെ സിറിയയുമായും ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയുടെ നിര്‍ണായക നീക്കം. 2011ന് ശേഷം ആദ്യമായി സിറിയന്‍ വിദേശകാര്യ മന്ത്രി ഇന്ന് ജിദ്ദയിലെത്തി പ്രതിസന്ധി പരിഹരിക്കാനായി ഐക്യരാഷ്ട്ര സഭയുടെ സിറിയയിലേക്കുള്ള പ്രതിനിധിയുമായി സൗദി ചര്‍ച്ച നടത്തി. പ്രതിസന്ധി പരിഹരിക്കാനിരിക്കെ, സിറിയയെ അറബ് ലീഗിലേക്ക് തിരികെ എടുക്കാനും നീക്കമുണ്ട്. സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലെ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായത്. സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദ് ഇന്ന് ജിദ്ദയിലെത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് മെക്ദാദ് ബുധനാഴ്ച ജിദ്ദയില്‍ എത്തിയത്. സിറിയന്‍ ഗവണ്മെന്റിന്റെ പ്രധാന സഖ്യകക്ഷിയാണ് ഇറാന്. ഇറാനുമായി ബന്ധം പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൗദി അറേബ്യ. ഇറാഖ്, ഇറാന്, യമന്‍ എന്നിവക്ക് പിന്നാലെ പശ്ചിമേഷ്യയില്‍ രാഷ്ട്രീയ അസ്ഥിരതയുള്ള സിറിയയുമായും ബന്ധം പഴയപടിയാക്കാനാണ് സൗദിയുടെ ശ്രമം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും പ്രശ്നങ്ങളവസാനിപ്പിച്ച് സാമ്ബത്തിക ശക്തിയായി മുന്നോട്ട് പോകാനാണ് സൗദി ലക്ഷ്യമിടുന്നത്. റമദാന് മുതല്‍ ഹജ്ജ് വരെ സൗദി ഭരണാധികാരികള്‍ മക്കയും ജിദ്ദയും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഉണ്ടാകുക. ഇതാണ് ജിദ്ദയില്‍ ചര്‍ച്ച നടക്കാന്‍ കാരണം.

