തിരഞ്ഞെടുപ്പുവരുമ്പോൾ ചിലർ തീവണ്ടി കൊടുക്കുന്നു, അതിന് പറ്റാത്തവർ കിറ്റും -നടൻ ജോയ് മാത്യു

സമകാലീന സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളിൽ തന്റെ നിലപാട് എപ്പോഴും വെട്ടിത്തുറന്ന് പറയുന്ന കലാകാരനാണ് നടൻ ജോയ് മാത്യു. പ്രസ്താവനകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട് അദ്ദേഹം. വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധയായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോൾ ചിലർ ഒരു തീവണ്ടി കൊടുക്കുന്നു. അതിന് കഴിയാത്തവർ ഒരു കിറ്റ് കൊടുക്കുന്നു എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ജോയ് മാത്യുവിന്റെ പരാമർശത്തിനോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചത്. ഇതിനെല്ലാമുള്ള പണം ജനം നികുതിയായി കൊടുക്കുന്നു എന്നാണ് ഒരാളുടെ പ്രതികരണം. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല സിനിമാ മേഖലയിൽ നിന്ന് ഒരാൾ പ്രതികരിക്കുന്നത്. വന്ദേഭാരത് തീവണ്ടിയുടെ കേരളത്തിലെ ട്രയൽ റണ്ണിന് മുമ്പ് നടൻ ഹരീഷ് പേരടിയും തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച താൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്. പക്ഷെ വന്ദേഭാരതിന് 130 കിലോമീറ്റർ വേഗത സമ്മാനിക്കാൻ സാധിച്ചാൽ ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും. ഇല്ലെങ്കിൽ ബി.ജെ.പിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും എന്നായിരുന്നു പേരടിയുടെ അഭിപ്രായം

