KSDLIVENEWS

Real news for everyone

ലാവലിന്‍ ഹര്‍ജികള്‍ തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍; തുഷാര്‍ മേത്ത ഹാജരാകുന്നതില്‍ അവ്യക്തത

SHARE THIS ON

ന്യൂഡല്‍ഹി: അഞ്ച് മാസത്തിന് ശേഷം എസ്.എന്‍.സി. ലാവലിന്‍ കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നു. തിങ്കളാഴ്ച്ച ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കും. അതേസമയം, സി.ബി.ഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച്ച ഹാജരാകുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. മുപ്പതിലധികം തവണ മാറ്റി വെച്ച ലാവലിന്‍ ഹര്‍ജികള്‍ ഏറ്റവും അവസാനം സുപ്രീംകോടതി പരിഗണിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജികള്‍ അന്ന് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നില്ല. ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് അനന്തമായി നീണ്ടു പോകുന്നുവെന്ന പരാതികള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹര്‍ജികള്‍ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ തിങ്കളാഴ്ച്ച പരിഗണിക്കുന്ന 21-ാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍. കേസില്‍ സി.ബി.ഐയ്ക്ക് വേണ്ടി നേരത്തെ ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജുമായിരുന്നു. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി തുഷാര്‍ മേത്ത തിങ്കള്‍ഴ്ച്ച ഹാജരാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ ലാവലിന്‍ ഹര്‍ജികളില്‍ സി.ബി.ഐയ്ക്ക് വേണ്ടി തുഷാര്‍ മേത്ത ഹാജരാകാന്‍ സാധ്യത വിരളമാണ്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ആരംഭിക്കുന്ന തിങ്കളാഴ്ചയാണ് ലാവലിന്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതെന്നതും ശ്രദ്ധേയമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!