ആതിഖ് അഹമ്മദിന്റെ മകന്റെ കൊലപാതകം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു

ലക്നോ: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റെ മകന് ആസാദിനെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടല്‍ അന്വേഷിക്കാന്‍ രണ്ടംഗ ജുഡീഷ്യല്‍ കമ്മീഷനെ രൂപീകരിക്കുമെന്ന് യുപി സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജി രാജീവ് ലോചന്‍ മെഹ്റോത്രയും റിട്ട. ഡിജി വിജയ് കുമാര്‍ ഗുപ്തയുമാണ് സമിതിയിലെ അംഗങ്ങള്‍. ഏപ്രില്‍ 13നാണ് ആസാദിനെയും സഹായി ഗുലാമിനെയും ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. നേരത്തെ, ആതിഖ് അഹമ്മദിന്റെയും സഹോദരന് അഷ്റഫ് അഹമ്മദിന്റെയും കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്ഐടി) രൂപീകരിച്ചതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചിരുന്നു. കൂടാതെ, ഈ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി (റിട്ട.) അരവിന്ദ് കുമാര്‍ ത്രിപാഠിയുടെ നേതൃത്വത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ സമിതി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരുന്നു. റിട്ട. ജഡ്ജി ബ്രിജേഷ് കുമാര്‍ സോണി, മുന്‍ ഡിജിപി സുബീഷ് കുമാര്‍ സിംഗ് എന്നിവരും മറ്റൊരാളുമാണ് സമിതിയിലെ അംഗങ്ങള്‍.

