വിശപ്പു സഹിക്കാനായില്ല; വിദ്യാർഥി കഴിച്ചത് 98 ലക്ഷം രൂപ വിലമതിക്കുന്ന ‘പഴം’!

സിയോൾ∙ വിശപ്പു സഹിക്കാൻ പ്രയാസമാണ്, ആ നേരത്ത് കയ്യിൽ കിട്ടുന്നതെന്തും ഒരാൾ കഴിച്ചുപോകും. എന്നാൽ സിയോളിലെ ഒരു വിദ്യാർഥി കഴിച്ചതാകട്ടെ ലക്ഷങ്ങൾ വില വരുന്ന കലാസൃഷ്ടിയായ പഴമാണ്! ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗമായി ഭിത്തിൽ ഒട്ടിച്ചു വച്ചിരുന്ന പഴമാണ് വിശന്നപ്പോൾ മ്യൂസിയത്തിലെത്തിയ കുട്ടി അകത്താക്കിയത്. ആ കലാസൃഷ്ടിയുടെ വിലയാകട്ടെ ഏകദേശം 98 ലക്ഷം രൂപയും. ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓഫ് ആർട്ടിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഇറ്റാലിയൻ ചിത്രകാരൻ മൗറിസിയ കാറ്റലന്റെ ‘വി’ എന്ന പ്രദർശ പരിപാടിയുടെ ഭാഗമായി ‘കോമേഡിയൻ’ എന്ന ആർട്ട് വർക്കായിരുന്നു ഈ പഴം. ചുമരിൽ ടേപ് വച്ച് ഒട്ടിച്ചുവച്ചിരിക്കുകയായിരുന്നു ഇത്.

https://www.instagram.com/p/CriC1hePUKM/?igshid=YmMyMTA2M2Y=
ചിത്രപ്രദർശനം കാണാനെത്തിയ സോൾ നാഷനൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ നോഹ് ഹ്യൂൻ സൂവാണ് പഴമെടുത്ത് കഴിച്ചത്. ‘രാവിലെ ഒന്നും കഴിച്ചില്ല, വിശക്കുന്നു’ എന്നു പറഞ്ഞാണ് വിദ്യാർഥി ഇത് ഭക്ഷിച്ചത്. വിദ്യാർഥിയുടെ സുഹൃത്ത് പകർത്തിയ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിദ്യാർഥി പഴം എടുത്ത് കഴിക്കുന്നതും അതിനു ശേഷം പഴത്തൊലി ചുമരിൽ ഒട്ടിച്ചുവയ്ക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
സംഭവം അപ്രതീക്ഷിതമായതിനാൽ വിദ്യാർഥിക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് മ്യൂസിയം അധികൃതർ അറിയിച്ചത്. മ്യൂസിയം അധികൃതർ സംഭവം മൗറിസിയോയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ‘അത് കുഴപ്പമില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. 2019ലും മൗറിസിയോയുടെ ആർട്ട് വർക്കിലെ പഴം ഇത്തരത്തിൽ ഒരാൾ കഴിച്ചിരുന്നു.

