റഷ്യൻ പ്രസിഡന്റിന് നേരെയുള്ള വധ ശ്രമം; അമേരിക്കയുടെ ‘കൈവിട്ട’ കളിക്ക് റഷ്യയുടെ മറുപടി ഉടന്‍, എന്തും സംഭവിക്കാം, ആശങ്കയുടെ മുള്‍മുനയില്‍ ലോക രാജ്യങ്ങള്‍ !

ഒടുവില്‍ ലോകം ഭയക്കുന്നതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് നേരെ യുക്രെയിന്‍ വധശ്രമം നടത്തിയെന്ന് റഷ്യ ആരോപിച്ചതോടെ യുക്രെയിന്റെ കാര്യത്തില്‍ ഇനി അധികം താമസിയാതെ തീരുമാനമാകും. യുക്രെയിന്‍ പ്രസിഡന്റിനെ ഏതു വിധേയനേയും വധിക്കുക എന്നതും ഇപ്പോള്‍ റഷ്യയുടെ ടാര്‍ഗറ്റാണ്. അതിനു വേണ്ടി ഏതറ്റംവരെയും പോകാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. വന്‍ തിരിച്ചടി ഉണ്ടാകുമെന്ന റഷ്യയുടെ പ്രഖ്യാപനത്തെ ലോക രാജ്യങ്ങളും ഭീതിയോടെയാണ് കാണുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റിനെ വധിക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. യുക്രെയിന്‍ അത് നിഷേധിക്കുന്നുണ്ടെങ്കിലും റഷ്യയുടെ നിലപാടും തീരുമാനവുമാണ് യുദ്ധത്തിന്റെ ഗതിയെ സ്വാധീനിക്കാന്‍ പോകുനത്. ഈ ഒറ്റ കാരണം മുന്‍ നിര്‍ത്തി ആണവായുധം പ്രയോഗിക്കാന്‍ വരെ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് റഷ്യ പറയുന്നത്. റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണത്തില്‍ തന്നെ ആ രാജ്യത്തിന്റെ രോക്ഷവും പ്രകടമാണ്.
ഒരാഴ്ച കൊണ്ട് റഷ്യക്ക് തീര്‍ക്കാന്‍ കഴിയുമായിരുന്ന യുദ്ധമാണ് ഇപ്പോള്‍ അനന്തമായി നീണ്ടു കൊണ്ടിരിക്കുന്നത്. ആണവായുധം പോലുള്ള മാരക ആയുധങ്ങള്‍ പ്രയോഗിക്കാതെ പരമാവധി സിവിലിയന്‍മാരുടെ മരണം ഒഴിവാക്കാന്‍ റഷ്യ എടുത്ത തീരുമാനമാണ് ഈ ദൈര്‍ഘ്യത്തിനു കാരണം. അമേരിക്ക ആയിരുന്നു റഷ്യയുടെ സ്ഥാനത്തെങ്കില്‍ തീര്‍ച്ചയായും അവര്‍ ആണവ ആയുധങ്ങള്‍ തന്നെ പ്രയോഗിക്കുമായിരുന്നു. അമേരിക്കയുടെ ചരിത്രവും അതു തന്നെയാണ്. ജപ്പാനില്‍ ആണവ ബോംബിട്ട് ലക്ഷങ്ങളെ കൊന്നു കളഞ്ഞ രാജ്യമാണത്. അതിന്റെ കെടുതികള്‍ ഇപ്പോഴും ജപ്പാന്‍ ജനത അനുഭവിക്കുന്നുമുണ്ട്.

ഇന്ന് ലോകത്ത് ഏറ്റവും അധികം ആണവായുധങ്ങള്‍ ഉള്ള രാജ്യമാണ് റഷ്യ. യുക്രെയിന് ആയുധങ്ങളും പണവും ടെക്നോളജിയും നല്‍കി സഹായിക്കുന്ന അമേരിക്കയും സഖ്യകക്ഷികളും റഷ്യയുടെ ക്ഷമ കൂടിയാണ് പരീക്ഷിക്കുന്നത്. അതു കൊണ്ടു തന്നെ റഷ്യയുടെ തിരിച്ചടിയുടെ വ്യാപ്തി യുക്രെയിനില്‍ മാത്രമായി ഒതുങ്ങാനും സാധ്യതയില്ല. ഉത്തര കൊറിയ എന്ന ഒരു ചെറിയ രാജ്യം ആണവായുധം പ്രയോഗിക്കുമോ എന്നോര്‍ത്ത് ഭയന്നു കഴിയുന്ന അമേരിക്ക ലോകം നശിപ്പിക്കാന്‍ ശേഷിയുള്ള റഷ്യയുടെ ‘സാത്താന്‍’ എന്ന ആണവായുധത്തെ ഭയപ്പെടുക തന്നെ വേണം. നിലനില്‍പ്പിനു ഭീഷണി ഉയര്‍ന്നാല്‍ എന്തു മാര്‍ഗ്ഗം സ്വീകരിക്കാനും റഷ്യ തയ്യാറാകും. അതിന് ആ രാജ്യത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ അതോടെ ഈ ലോകം തന്നെയാണ് അനുഭവിക്കുക എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.
യുക്രെയിനെ മുന്‍ നിര്‍ത്തി യഥാര്‍ത്ഥത്തില്‍ റഷ്യയുമായി യുദ്ധം ചെയ്യുന്നത് അമേരിക്കയും സഖ്യകക്ഷികളുമാണ്. ഇത് തന്നെ നെറികേടാണ്. നേര്‍ക്ക് നേര്‍ യുദ്ധം ചെയ്യാന്‍ പേടിയുള്ളതു കൊണ്ട് രണ്ടാംകിട ഏര്‍പ്പാടാണ് ഈ രാജ്യങ്ങള്‍ നടത്തുന്നത്. യുദ്ധത്തിന് കളമൊരുക്കാനാണ് അമേരിക്കന്‍ ഭരണകൂടം യുക്രെയിനെ നാറ്റോയില്‍ എടുക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഈ ആവശ്യവുമായി യുക്രെയിന്‍ മുന്നോട്ടു പോയതാണ് റഷ്യയെ സൈനിക നടപടിക്ക് പ്രേരിപ്പിച്ചിരുന്നത്.
റഷ്യയുടെ അയല്‍ രാജ്യമായ യുക്രെയിനില്‍ അമേരിക്ക ആയുധങ്ങള്‍ വിന്യസിക്കുന്നത് റഷ്യക്ക് വലിയ സുരക്ഷാ ഭീഷണി തന്നെയാണ്. അത് ഒഴിവാക്കാനാണ് നാറ്റോയില്‍ ചേരരുത് എന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം യുക്രെയിന്‍ തള്ളിക്കളഞ്ഞതോടെ ആക്രമിക്കാന്‍ റഷ്യ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ആ സൈനിക നടപടിയാണ് ഇപ്പോഴും തുടരുന്നത്. ഇതു തന്നെയാണ് യാഥാര്‍ത്ഥ്യവും.

സൈനിക നടപടി എത്ര നാള്‍ തുടര്‍ന്നാലും യുക്രെയിനോ അമേരിക്കന്‍ സഖ്യത്തിനോ വിജയിക്കാന്‍ കഴിയുകയില്ല. അന്തിമ വിജയം റഷ്യക്കു തന്നെ ആയിരിക്കും. അതിന്റെ വേഗത കൂട്ടാന്‍ റഷ്യന്‍ പ്രസിഡന്റിനു നേരെ ഇപ്പോള്‍ നടന്ന ആക്രമണശ്രമവും നിര്‍ണ്ണായക പങ്കുവഹിക്കും. യുക്രെയിന്‍ മാത്രമല്ല അമേരിക്കയും ഭയക്കേണ്ട നാളുകളാണ് ഇനി വരാനിരിക്കുന്നത്. പുട്ടിനെ ലക്ഷ്യമിട്ട് ആളില്ലാ ഡ്രോണുകളെ അയച്ചെന്ന റഷ്യന്‍ ആരോപണം യുക്രെയിന്‍ നിഷേധിച്ചെങ്കിലും റഷ്യ അത് മൈന്റു പോലും ചെയ്തിട്ടില്ല.
‘ഡ്രോണുകളുമായി യാതൊരു ബന്ധവുമില്ലെന്നും ക്രെംലിനെ ആക്രമിക്കുന്നത് ഒന്നിനും പരിഹാരമല്ലെന്ന് അറിയാമെന്നുമാണ്’ യുക്രെയിന്‍ പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചിരുന്നത്. കേവലം ഭയത്തില്‍ നിന്നുണ്ടായ പ്രതികരണം മാത്രമായാണ് ഇതിനെ റഷ്യന്‍ ഭരണകൂടം നോക്കി കാണുന്നത്. ‘റഷ്യന്‍ പ്രസിഡന്റിന്റെ ജീവനെടുക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഭീകരാക്രമണമാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ്’ റഷ്യ പ്രതികരിച്ചിരിക്കുന്നത്. 14 മാസമായി യുക്രെയിനില്‍ തുടരുന്ന റഷ്യന്‍ ആക്രമണത്തിന്റെ ഭാവമാണ് ഇതോടെ മാറിയിരിക്കുന്നത്.

