KSDLIVENEWS

Real news for everyone

ഇന്ത്യയില്‍ മുസ്‌ലിംകളെ ഭരണകൂടം വേട്ടയാടുന്നു; രൂക്ഷ വിമര്‍ശനവുമായി അമേരിക്ക

SHARE THIS ON

വാഷിങ്ടണ്‍‍: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.

മുസ്‌ലിംകളുടെ വീടുകളും സ്ഥാപനങ്ങളും അധികൃതര്‍ തകര്‍ത്തു. നിയമപാലകര്‍ മത ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മതസ്പര്‍ധയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. ഇന്ത്യയില്‍ മുസ്‌ലിംകളും ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാവുന്നു. ഇത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടികള്‍ കേന്ദ്രം കൈക്കൊള്ളണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

പലപ്പോഴും നിയമ സംവിധാനങ്ങള്‍ തന്നെ ആക്രമണത്തിന് കൂട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സമീപകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വിവിധ അക്രമങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങളെ അപലപിക്കാന്‍ കേന്ദ്രം തയാറാവണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെയും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം, റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ രംഗത്തെത്തി. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് അമേരിക്കയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!