ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തിന് രാജ്യത്തെ വിമര്‍ശിച്ച യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ഡല്‍ഹി: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2022 ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ടിനെ വികലമായതും പ്രചോദിതമായതും പക്ഷാപാതപരമെന്നുമാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇതാദ്യമായല്ല രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് യുഎസില്‍ നിന്ന് ഇന്ത്യയ്ക്ക് രൂക്ഷമായ റിപ്പോര്‍ട്ട് ലഭിക്കുന്നത്. ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2022 ലെ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞു. ഖേദകരമെന്നു പറയട്ടെ, ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതും തെറ്റിദ്ധാരണാപരവുമാണ്’ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചില യുഎസ് ഉദ്യോഗസ്ഥരുടെ പ്രേരണയും പക്ഷപാതവും കലര്‍ന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ അവയുടെ വിശ്വാസ്യതയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. യുഎസുമായുള്ള പങ്കാളിത്തത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ഇരുപക്ഷത്തിനും ആശങ്കയുള്ള വിഷയങ്ങളില്‍ ഇനിയും ആശയവിനിമയം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കാനിരികികെയാണ് ഈ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത് .

