KSDLIVENEWS

Real news for everyone

ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരി റയ്യാനാ ബര്‍ണാവി ബഹിരാകാശ നിലയത്തിലെത്തി

SHARE THIS ON

ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരിയായ റയ്യാന ബര്‍ണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആക്സിയം സ്പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് സൗദി അറേബ്യൻ പൗരന്മാരായ അലി അഖാര്‍ണിയും റയ്യാന ബര്‍ണാവിയും ഞായറാഴ്ച ബഹിരാകാശ നിലയത്തിലെത്തിയത്. മിഷൻ ലീഡ് ആയ നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വൈറ്റ്സണ്‍, പൈലറ്റ് ജോണ്‍ ഷോഫ്നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് 6.42 നാണ് എക്സ് 2 ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടത്. സുല്‍ത്താൻ അല്‍ നെയാദി ഉള്‍പ്പടെ ബഹിരാകാശ നിലയത്തിലുള്ളവരെല്ലാം ഇവരെ സ്വാഗതം ചെയ്യാനെത്തി. 20 ഓളം ശാസ്ത്ര ഗവേഷണങ്ങളാണ് പുതിയ സംഘം നിലയത്തില്‍ വെച്ച്‌ നടത്തുക. ബഹിരാകാശ നിലയത്തില്‍ 10 ദിവസം ചിലവഴിക്കുന്ന റയ്യാന സ്തനാര്‍ബുദം, സ്റ്റെം സെല്‍ ഗവേഷണങ്ങളിലേര്‍പ്പെടും. യുഎഇയുടെ സുല്‍ത്താൻ അല്‍ നെയാദിയും ഇപ്പോള്‍ നിലയത്തിലുണ്ട്. സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പ്രതിനിധാനം ചെയ്യാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിക്ഷേപണത്തിന് മുമ്ബ് റയ്യാന പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്വന്തം നാട്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികളുടെ മുഖം നേരില്‍ കാണുന്നത് അവര്‍ക്ക് ഏറെ ആവേശകരമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!