KSDLIVENEWS

Real news for everyone

അറസ്റ്റിന് ശേഷമുള്ള സംഘര്‍ഷം; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി നിരോധിക്കാനൊരുങ്ങി പാക് സര്‍ക്കാര്‍

SHARE THIS ON

ഇസ്‌ലാബാമാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാര്‍ട്ടിയെ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. പി.ടി.ഐയെ നിരോധിക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ഇമ്രാന്റെ അറസ്റ്റിനു പിന്നാലെ സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറയുന്നു. മെയ് ഒമ്ബതിന് 70 കാരനായ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അക്രമാസക്തമായ പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ പൊട്ടിപ്പുറപ്പെട്ടത്. ലാഹോര്‍ കോര്‍പ്‌സ് കമാൻഡര്‍ ഹൗസ്, മിയാൻവാലി എയര്‍ബേസ്, ഫൈസലാബാദിലെ ഐഎസ്‌ഐ കെട്ടിടം എന്നിവയുള്‍പ്പെടെ നിരവധി സൈനിക സ്ഥാപനങ്ങള്‍ പി.ടി.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. റാവല്‍പിണ്ടിയിലെ കരസേനാ ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു. അക്രമാസക്തമായ ഏറ്റുമുട്ടലുകളില്‍ 10 പേരാണ് മരിച്ചത്. ‘നിലവില്‍ പിടിഐ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാല്‍ ആലോചനയും അവലോകനവും നടക്കുന്നുണ്ട്’- മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുൻ ഭരണകക്ഷിയെ നിരോധിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിഷയം പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ തന്റെ എതിരാളിയായാണ് മുൻ പ്രധാനമന്ത്രി കണക്കാക്കിയതെന്നും മന്ത്രി ആരോപിച്ചു. ‘അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയം മുഴുവൻ സൈന്യത്തിന്റെ മടിത്തട്ടില്‍ ചെയ്തു. ഇന്ന് അദ്ദേഹം അതേ സൈന്യത്തിനെതിരെ നില്‍ക്കുന്നു’- ഖവാജ ആസിഫ് പറഞ്ഞു. പാര്‍ട്ടി വിട്ട നേതാക്കളും ഇതുതന്നെയാണ് പറയുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. എല്ലാം ആസൂത്രണത്തോടെയാണ് സംഭവിച്ചതെന്നും പഴയ നേതാക്കള്‍ പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഖാൻ അപലപിച്ചില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ‘ഇതുവരെ ഖാൻ വ്യക്തമായ വാക്കുകളില്‍ അക്രമത്തെ അപലപിച്ചിട്ടില്ല. തനിക്കറിയില്ല, താൻ കസ്റ്റഡിയില്‍ ആയിരുന്നു എന്നൊക്കെയാണ് ഖാൻ പറയുന്നത്. ഈ പ്രതികരണം പ്രതീക്ഷിച്ചതാണെന്നും അറസ്റ്റ് ചെയ്താല്‍ അതിക്രമം ആവര്‍ത്തിക്കും’- ആസിഫ് പറഞ്ഞു. മെയ് ഒമ്ബതിന് രാജ്യത്തുടനീളമുള്ള സൈനിക സ്ഥാപനങ്ങള്‍ നശിപ്പിച്ചത് ഇമ്രാൻ ഖാൻ ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ ആണെന്ന് ഖവാജ ആസിഫ് ആരോപിച്ചു. അതിന് ഒരുപാട് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സായുധ സേനയ്‌ക്കെതിരായ ഖാന്റെ അവസാന നീക്കമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളും പരാജയപ്പെട്ടിരിക്കുന്നു. മെയ് ഒമ്ബതിന് പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിച്ച്‌ ഖാന്റെ പാര്‍ട്ടി രാജ്യത്തിന്റെ അടിത്തറയെ വെല്ലുവിളിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും നിരോധിക്കാനാവില്ലെന്നും പി.ടി.ഐയെ നിരോധിച്ചാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും പിടിഐ നേതാവ് ബാരിസ്റ്റര്‍ അലി സഫര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!