KSDLIVENEWS

Real news for everyone

മഴ കനക്കും; ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കാലവര്‍ഷം ശനിയാഴ്ച എത്തും

SHARE THIS ON

തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. വ്യാപകമായ ഇടിമിന്നലും കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്ത് ശനിയാഴ്ച കാലവര്‍ഷം എത്തിയേക്കും തെക്കു പടിഞ്ഞാറൻ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവില്‍ ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി വരുംദിവസങ്ങളില്‍ മഴ തുടരാനാണു സാധ്യത. തെക്കൻ ജില്ലകളിലാകും കൂടുതല്‍ മഴ. നാളെയും ഇടുക്കിയില്‍ മഞ്ഞ അലര്‍ട്ടാണ്. ജൂണ്‍ 2ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂണ്‍ 3ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള- കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ രണ്ടിനും മൂന്നിനും ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കൻ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!