KSDLIVENEWS

Real news for everyone

റോഡ് ക്യാമറ: ചലാൻ അയയ്ക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്

SHARE THIS ON

തിരുവനന്തപുരം∙ റോഡ് ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനായി ചലാൻ രൂപീകരണത്തിനു ഡൽഹിയിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) സെർവറിലേക്ക് അയയ്ക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മോട്ടർ വാഹനവകുപ്പിന്റെയും കെൽട്രോണിന്റെയും ഉദ്യോഗസ്ഥർക്ക് അധികൃതര്‍ മുന്നറിയിപ്പു നൽകി. തെറ്റായ ചലാനുകൾ നൽകുന്നതിലൂടെയുണ്ടാകുന്ന വിവാദം ഒഴിവാക്കാനാണിത്. ക്യാമറകൾ അയയ്ക്കുന്ന ദൃശ്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.  ക്യാമറകളിൽനിന്ന് കെൽട്രോണിന്റെ സെൻട്രൽ കൺട്രോൾ റൂമിൽ എത്തുന്ന ഫോട്ടോകൾ അതത് ജില്ലകളിലേക്ക് കൈമാറുമ്പോൾ കെൽട്രോണ്‍ ജീവനക്കാർ പരിശോധിച്ചശേഷമാണ് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ക്യാമറകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ അയയ്ക്കുന്ന ഫോട്ടോകളിൽ ആശയക്കുഴപ്പമുള്ള 30 ശതമാനത്തോളം ഫോട്ടോകൾ നിലവിൽ ഒഴിവാക്കുന്നുണ്ട്. സ്റ്റാൻഡേർഡ് നമ്പർ പ്ലേറ്റുകളും കൃത്യമായ വെളിച്ചവും ഉള്ള സാഹചര്യത്തിലും 80 ശതമാനം കൃത്യത മാത്രമേ ലോകത്തെല്ലായിടത്തും എഐ ക്യാമറകൾ നൽകുന്നുള്ളൂ എന്നും സംശയമുള്ള നിയമലംഘനങ്ങളുടെ ഫോട്ടോകൾ ഒഴിവാക്കാറുണ്ടെന്നും അധികൃതർ പറയുന്നു. വാഹനത്തിന്റെ മുന്നിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാൻ വ്യക്തമായ ദൃശ്യം വേണം. സൂര്യൻ ഏത് ഭാഗത്താണ് എന്നതനുസരിച്ച് വാഹനത്തിന്റെ സൺഷീൽഡിൽനിന്നും നിഴൽ വീണ് വാഹനത്തിന് അകത്തിരിക്കുന്നവരെ കാണാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകും. സീറ്റ് ബെൽറ്റിന്റെ വള്ളി ശരീരത്തിന് കുറുകേ പോയിരിക്കുന്നത് കണക്കാക്കിയാണ് ക്യാമറകൾ നിയമലംഘനം കണ്ടെത്തുന്നത്. നിഴൽ വീഴുമ്പോൾ സീറ്റ് ബെൽറ്റ് കാണാതെ ക്യാമറകൾ അയയ്ക്കുന്ന ദൃശ്യങ്ങളിൽ പിഴവുകൾ കടന്നുകൂടാം. ചാരം, കറുപ്പ് നിറങ്ങളിലാണ് സീറ്റ് ബൈൽറ്റുകളുള്ളത്. ഇതേ നിറത്തിലുള്ള ഷര്‍ട്ടുകൾ ധരിച്ചാൽ ക്യാമറകൾക്ക് പിശകു പറ്റാം. കെൽട്രോണിന്റെയും മോട്ടർ വാഹനവകുപ്പിന്റെയും ഭൂരിഭാഗം ഉദ്യോഗസ്ഥരും പദ്ധതി സംബന്ധിച്ച ജോലികളിൽ വൈദഗ്ധ്യം നേടിവരുന്നതേയുള്ളൂ. ജീവനക്കാർ വൈദഗ്ധ്യം നേടിയാൽ ഒരാൾക്ക് ഒരു ദിവസം 200 നിയമലംഘനത്തിന്റെ ഫോട്ടോ ചലാൻ രൂപീകരണത്തിനായി അയയ്ക്കാൻ കഴിയും. ക്യാമറകളുടെ ലേണിങ് പ്രവർത്തനങ്ങളും സാഹചര്യം അനുസരിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ട്. അതുവരെ ശ്രദ്ധ വേണമെന്നാണ് നിർദേശം. അമിതവേഗം കണ്ടെത്താനുള്ള 8 ക്യാമറകളുടെ പ്രവർത്തനം കൃത്യമാണെന്ന് അധികൃതർ പറഞ്ഞു.  എഐ ക്യാമറയിൽ വാഹനങ്ങളുടെ അമിതവേഗം കണ്ടെത്തുന്നില്ല. പദ്ധതി ആരംഭിച്ച അഞ്ചാം തീയതി എഐ ക്യാമറ കണ്ടെത്തിയ നിയമലംഘനം എൻഐസിയുടെ ഐടിഎംഎസ് സോഫ്റ്റുവെയറിലൂടെ തിരിച്ചു വന്നപ്പോൾ 15,000 കിലോമീറ്റർ വേഗത്തില്‍ വാഹനം പോയതായാണ് രേഖപ്പെടുത്തിയത്. പിഴവ് ഐടിഎംഎസ് സോഫ്റ്റുവെയറിന്റെതാണെന്നും എഐ ക്യാമറയുടേതല്ലെന്നും അധികൃതർ പറ‍ഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് ചലാനും എസ്എംഎസും പോയി തുടങ്ങി. ക്യാമറകളുടെ ഭാഗമായ സ്റ്റോറേജ് സംവിധാനത്തിൽനിന്ന് സിം കമ്മ്യൂണിക്കേഷൻ വഴിയാണ് കേന്ദ്ര കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങളെത്തുന്നത്. ഓരോ ക്യാമറയ്ക്കും കൊടുത്തിരിക്കുന്ന സമയത്തിനുള്ളിൽ കേന്ദ്ര കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ പുഷ് ചെയ്യണം. 4ജി സംവിധാനമായതിനാൽ കൃത്യമായി ഇതു നടക്കാത്ത അവസ്ഥയുണ്ട്. നിയമലംഘനത്തിന്റെ ഓരോ ദിവസത്തെയും കണക്കുകൾ ഇതിനാൽ കൃത്യവുമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!