വാട്സ് ആപ്പ് നൂറു മില്യണ്‍ ഉപഭോക്താക്കളെ നേടിയത് മൂന്നര കൊല്ലം കൊണ്ട്; ചാറ്റ് ജി.പി.ടി രണ്ട് മാസത്തിനകം

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടിയ അപ്ലിക്കേഷനായി ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്സ് ടെക്നോളജിയായ ചാറ്റ് ജി.പി.ടി (ChatGPT).
ലോകത്തുടനീളം ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ ഉപഭോക്താക്കളെ നേടുന്ന അപ്ലിക്കേഷനായി മാറാൻ ചാറ്റ് ജി.പി.ടിയ്ക്ക് രണ്ടു മാസം മാത്രമാണ് വേണ്ടിവന്നത്. ഇന്ത്യൻ ടെക് ന്യൂസ് പ്ലാറ്റ്ഫോമായ സ്മാര്‍ട്ട് പ്രിക്സാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. നൂറു മില്യണ്‍ ഉപഭോക്താക്കളെ പ്രമുഖ ആപ്പുകള്‍ നേടിയ കാലയളവും അവര്‍ പങ്കുവെച്ചു. ടെലിഫോണ്‍: 75 വര്‍ഷം, മൊബൈല്‍ ഫോണ്‍: 16 വര്‍ഷം, വേള്‍ഡ് വൈഡ് വെബ്: ഏഴു വര്‍ഷം, ഐ.ട്യൂണ്‍സ്: ആറര വര്‍ഷം, ട്വിറ്റര്‍: അഞ്ച് വര്‍ഷം, ഫേസ്ബുക്ക്: നാലര വര്‍ഷം, വാട്സ്ആപ്പ്: മൂന്നര വര്‍ഷം, ഇൻസ്റ്റഗ്രാം: രണ്ടര വര്‍ഷം, ആപ്പിള്‍ ആപ്പ് സ്റ്റോര്‍: രണ്ട് വര്‍ഷം, ടിക്ടോക്: ഒമ്ബത് മാസം എന്നിങ്ങനെയാണ് കണക്കുകള്‍.
എന്താണ് ചാറ്റ് ജി.പി.ടി?
ചാറ്റ് ബോട്ടുകളേക്കാള്‍ (ഇൻറര്‍നെറ്റിലൂടെ മനുഷ്യരോട് സംസാരിക്കാനായി തയ്യാറാക്കപ്പെട്ട കംപ്യൂട്ടര്‍ പ്രോഗ്രാം) നന്നായി മനുഷ്യരെ പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള നാച്ച്വറല്‍ ലാംഗ്വേജ് പ്രൊസസിംഗ് ടൂളാണ് ചാറ്റ് ജി.പി.ടി . ഈ ലാംഗ്വേജ് മോഡല്‍ വഴി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, ഇമെയില്‍, ലേഖനം, കോഡുകള്‍ എന്നിവ എഴുതുക തുടങ്ങിയ ജോലികള്‍ നിഷ്പ്രയാസം ചെയ്യാനാകും. ഗവേഷണ-ഫീഡ്ബാക്ക്-ശേഖരണ ഘട്ടത്തിലായതിനാല്‍ ചാറ്റ് ജി.പി.ടി ഉപയോഗം നിലവില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമാണ്.
ആരാണ് ചാറ്റ് ജി.പി.ടിയ്ക്ക് പിറകില്‍?
എ.ഐ ആൻഡ് റിസര്‍ച്ച് കമ്ബനിയായ ഓപ്പണ്‍ എ.ഐ ആണ് ചാറ്റ് ജി.പി.ടി നിര്‍മിച്ചത്. 2022നവംബര്‍ 30നാണ് കമ്ബനി ചാറ്റ്ജി.പി.ടി ലോഞ്ച് ചെയ്തത്. ജനപ്രിയ ഓട്ടോമാറ്റിക് സ്പീച്ച് റെകഗനൈസേഷൻ സിസ്റ്റമായ ഡാല്‍-ഇ 2 നിര്‍മിച്ചതും ഇതേ കമ്ബനിയാണ്.
‘ChatGPT ഭയാനകമാണ്. ഏറെ ശക്തിയുള്ള AI യില്‍ നിന്ന് ഞങ്ങള്‍ വളരെ അകലെയല്ല’ OpenAI യുടെ സ്ഥാപകരിലൊരാളായ എലോണ്‍ മസ്കിന്റെ വാക്കുകളാണിത്.
ലോഞ്ച് ചെയ്ത് ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ ചാറ്റ്ജി.പി.ടിക്ക് ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് ഓപ്പണ്‍എഐ മേധാവി സാം ആള്ട്ട്മാൻ ട്വിറ്ററില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണ ചെലവേറെയുണ്ടായതിനാല് ചാറ്റ് ജി.പി.ടി ഇനി ഉപയോഗിക്കാൻ ഭാവിയില്‍ പണം നല്‍കേണ്ടി വരുമെന്നാണ് കമ്ബനി അധികൃതര്‍ പറയുന്നത്.
ഈ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാം?
ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ chat.openai.com എന്ന അഡ്രസ്സില്‍ സന്ദര്‍ശിക്കുകയും ഓപ്പണ്‍എ.ഐ അക്കൗണ്ട് നിര്‍മിക്കുകയും ചെയ്താല്‍ മതിയാകും. ഒരിക്കല്‍ സൈൻ ഇൻ ചെയ്താല്‍ നിങ്ങള്‍ക്ക് ചാറ്റ്ജി.പി.ടിയോട് സംസാരിക്കാനാകും. ചോദ്യങ്ങള്‍ ചോദിച്ച് നിങ്ങള്‍ക്ക് സംഭാഷണം തുടങ്ങാം.
എല്ലാവര്ക്കും ലഭ്യമാണോ?
ഗവേഷണ ഘട്ടത്തിലായതിനാല്‍ ചാറ്റ്ജിപിടി വെബ്സൈറ്റ് ഒരു സര്‍വറിലാണ് പ്രവര്‍ത്തിക്കുന്നത്. ഒട്ടനവധി ഉപഭോക്താക്കള്‍ ഒരേസമയമെത്തുമ്ബോള് ഈ സര്‍വറിന് താങ്ങാൻ കഴിയാത്ത സ്ഥിതി വരികയും ചിലര്‍ക്ക് ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യും. എന്നാല്‍ ഒരിക്കലും ഇത് ഉപയോഗിക്കാൻ കഴിയാതിരിക്കില്ല. പിന്നീട് ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് സംവിധാനം ഉപയോഗിക്കാനാകും.
ഉപന്യാസങ്ങള്‍ രചിക്കുക, കലപരമായ വിവരങ്ങള്‍ നല്‍കുക, AI ആര്‍ട്ട് പ്രോംപ്റ്റുകള്‍ സൃഷ്ടിക്കുക, ദാര്‍ശനിക സംഭാഷണങ്ങള്‍ നടത്തുക എന്നിവക്ക് പുറമേ മോഡലിന് നിരവധി സവിശേഷതകളുണ്ട്. ഹ്യൂമൻ ഫീഡ്ബാക്കില് നിന്നുള്ള റൈൻഫോഴ്സ്മെന്റ് ലേണിംഗ് (ആര്‍എല്‍എച്ച്എഫ്) ഉപയോഗിച്ചാണ് ഈ മോഡല്‍ തയാറാക്കിയതെന്നാണ് ഓപ്പണ്‍എഐ പറയുന്നത്.
സേര്‍ച്ച് എൻജിനാണോ?
ഉപഭോക്താവുമായി സംഭാഷണം നടത്താനാണ് ചാറ്റ് ജി.പി.ടിക്ക് കഴിയുക. ഇൻറര്‍നെറ്റില്‍ പരതി വിവരങ്ങള്‍ കണ്ടെത്തി തരാനാകില്ല. പഠിച്ചുവെച്ച വിവരങ്ങളില്‍ നിന്നാണ് ഇവ നമുക്ക് മറുപടി തരുന്നത്. അതിനാല്‍ പിശക് പറ്റാനിടയുണ്ടെന്നാണ് നിരീക്ഷപ്പെടുന്നത്.
പരിമിതികള്‍?
ചോദ്യങ്ങളെ റീവേര്‍ഡ് ചെയ്ത് മനസ്സിലാക്കി ഉത്തരം തരുന്നതിനാല്‍ ചിലതിന് ഉത്തരം നല്കാൻ ചാറ്റ്ജി.പി.ടിക്ക് കഴിയില്ല. നമ്മുടെ ചോദ്യങ്ങള്‍ തെറ്റിദ്ധരിച്ച് തെറ്റായ ഉത്തരങ്ങള്‍ നല്‍കാനും സാധ്യതയുണ്ട്. ഇത്തരം പിഴവുണ്ടായതിനാല്‍ ചില വാക്കുകളുള്ള (StackOverflow) ചോദ്യങ്ങള്‍ തടഞ്ഞിരിക്കുകയാണ്.

