തെരുവുനായ് ആക്രമണം: നിഹാലിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍; ഉറപ്പ് പാലിച്ചില്ലെന്നും സതീശൻ

തിരുവനന്തപുരം : കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 11 വയസ്സുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമാണെന്നും സംസ്ഥാന സര്‍ക്കാരാണു മരണത്തിന്റെ ഉത്തരവാദിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവുനായ്ക്കളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30ന് അടിയന്തരപ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിനു പകരം മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്.
തെരുവുനായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. പ്രശ്‌നത്തിനു ശാശ്വതപരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന്റെ പരിണിത ഫലമാണ് നിഹാല്‍ നൗഷാദിന്റെ ജീവന്‍ നഷ്ടമാക്കിയത്. മുഴപ്പിലങ്ങാട് മാസങ്ങള്‍ക്കു മുന്‍പും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ വീടിനു പുറത്തിറങ്ങാന്‍ ഭയക്കുന്നു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും കഴിയുന്നില്ല. ജനം ഭീതിയില്‍ കഴിയുമ്പോഴും തെരുവുനായ്ക്കളെ പിടികൂടാനുള്ള പദ്ധതികള്‍ കോള്‍ഡ് സ്റ്റോറേജിലാണ്.
സംസ്ഥാനത്ത് പലയിടത്തും മാലിന്യനീക്കം നിലച്ചതും തെരുവുനായ്ക്കള്‍ വ്യാപകമാകാന്‍ കാരണമായി. മൂന്നു വര്‍ഷമായി വന്ധ്യംകരണ പദ്ധതി ചെയ്യുന്നില്ല. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എബിസി പദ്ധതി നിശ്ചലമായി. തദ്ദേശ സ്ഥാപനങ്ങള്‍ക്കു തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. പിടികൂടുന്ന നായ്ക്കളെ സംരക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ല. മാലിന്യ നിര്‍മാര്‍ജന പദ്ധതികളും എബിസി പദ്ധതിയും നടപ്പാക്കുന്നതിലും ഗുണനിലവാരമുള്ള വാക്സീന്‍ വിതരണം ചെയ്യുന്നതിലും ഗുരുതരമായ അലംഭാവമാണ്. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കു വഴി നടക്കാനാകാത്ത അവസ്ഥയുണ്ടാകുമെന്ന് ഭരണകൂടം ഓര്‍ക്കണമെന്നും സതീശൻ പറഞ്ഞു.

