KSDLIVENEWS

Real news for everyone

കെ.എസ്.യു കണ്‍വീനറുടെ സര്‍ട്ടിഫിക്കറ്റും വ്യാജം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡി.ജി.പിക്ക് പരാതി നല്‍കി

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന കൺവീനറായിരുന്ന അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാലയുടെ കണ്ടെത്തൽ. പരീക്ഷാ കൺട്രോളർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് സർവകലാശാലാ രജിസ്ട്രാർ ഡി.ജി.പി.ക്ക് പരാതി നൽകി. സർട്ടിഫിക്കറ്റിൽ പറയുന്നതുപോലുള്ള രജിസ്റ്റർ നമ്പർ ബി.കോം. ബിരുദത്തിന് സർവകലാശാല നൽകിയിട്ടില്ല. വി.സി.യുടെ ഒപ്പ് വ്യാജമാണെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു. പരീക്ഷാർഥിയുടേതായി പറയുന്ന രജിസ്റ്റർ നമ്പറുകൾ വ്യാജമാണ്. ഇത്തരത്തിലൊരു രജിസ്റ്റർ നമ്പർ സർവകലാശാല അനുവദിച്ചിട്ടില്ല. പറഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ ഈ സീരിയൽ നമ്പറുകളിലുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടില്ലെന്നും പരീക്ഷാ കൺട്രോളർ ഗോപകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംഭവം പുറത്തുവന്നതിനെത്തുടർന്ന് തനിക്ക് ഈ വ്യാജരേഖയിൽ പങ്കില്ലെന്നും വ്യാജരേഖയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ അൻസിൽ ജലീൽ നേരത്തേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്.എഫ്.ഐ. നേതാവ് നിഖിൽതോമസ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന വിവാദം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിനിടെയാണ് കെ.എസ്.യു. നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന വാർത്ത കോൺഗ്രസിന് തിരിച്ചടിയാവുന്നത്. അൻസിൽ ജോലിക്കോ സർവകലാശാലയിലോ വ്യാജസർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!