ടെസ്‌ല ഇന്ത്യയിലെത്തും, മനുഷ്യസാധ്യമായ വേഗത്തില്‍ നടപ്പാക്കും; മോദിക്ക് ഉറപ്പുനല്‍കി ഇലോണ്‍ മസ്‌ക്

ഭൂഗോളത്തിലെ മറ്റേതു വലിയ രാജ്യത്തെക്കാളും വിജയകരമായ ഭാവിയുള്ള നാടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മസ്‌കിന്റെ പ്രസ്താവന. അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.”ടെസ്ല ഇന്ത്യയില്‍ വരും. മനുഷ്യസാധ്യമായ വേഗത്തില്‍ അതു നടപ്പാക്കും” -മസ്‌ക് പറഞ്ഞു. മോദി ഫാന്‍ പ്രധാനമന്ത്രി മോദിയുടെ ആരാധകന്‍ എന്നാണ് മസ്‌ക് സ്വയം വിശേഷിപ്പിച്ചത്. ”മോദി ശരിക്കും ഇന്ത്യയുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. ഇന്ത്യയില്‍ കാര്യമായ നിക്ഷേപമിറക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നത് അതിനാലാണ്” -അദ്ദേഹം പറഞ്ഞു. ഊര്‍ജംമുതല്‍ ആത്മീയതവരെ വിവിധ വിഷയങ്ങള്‍ മസ്‌കുമായി ചര്‍ച്ചചെയ്‌തെന്ന് മോദി ട്വീറ്റുചെയ്തു. ”താങ്കളെ വീണ്ടും കാണാന്‍ കഴിഞ്ഞത് ബഹുമതിയാണെ”ന്നായിരുന്നു മസ്‌കിന്റെ മറുട്വീറ്റ്. 2015-ലെ സന്ദര്‍ശനവേളയില്‍ കാലിഫോര്‍ണിയയിലെ ടെസ്ല ഫാക്ടറിയില്‍ ഇരുവരും കണ്ടിരുന്നു. ടെസ്ലയും ഇന്ത്യയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ടെസ്ല മാസങ്ങളായി അധികൃതരുമായി ചര്‍ച്ചനടത്തുന്നുണ്ട്. ടെസ്ല ഇന്ത്യ മോട്ടോര്‍സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. ടെസ്ല കാറുകള്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടവും നടത്തുന്നു. വൈദ്യുതവാഹനങ്ങള്‍ക്കും ഘടകഭാഗങ്ങള്‍ക്കുമുള്ള ഇറക്കുമതിത്തീരുവ ഇന്ത്യ കുറയ്ക്കണമെന്നാണ് ടെസ്ലയുടെ ആവശ്യം. ആദ്യം ഇന്ത്യയില്‍ ഉത്പാദനം തുടങ്ങൂ, എന്നിട്ടാകാം നികുതിക്കാര്യം പരിഗണിക്കല്‍ എന്ന നിലപാടാണ് സര്‍ക്കാര്‍ മുമ്പുപ്രകടിപ്പിച്ചത്. കൊറിയന്‍ വാഹനകമ്പനിയായ ഹ്യുണ്ടായിയും ടെസ്ലയെ പിന്തുണച്ചു. എന്നാല്‍, വൈദ്യുതവാഹനനിര്‍മാണരംഗത്തുള്ള ഇന്ത്യന്‍ കമ്പനികളായ ടാറ്റാ മോട്ടോര്‍സ്, ഒല ഇലക്ട്രിക് എന്നിവ നികുതിയിളവിനെ എതിര്‍ക്കുന്നു.

