വിദ്യ ഒളിച്ചത് വടകര കുട്ടോത്ത്, പോലീസ് എത്തിയത് കാറില്‍, അയല്‍ക്കാര്‍പോലും അറിഞ്ഞില്ല

കോഴിക്കോട്: കെ. വിദ്യ ഒളിവില്‍ക്കഴിഞ്ഞത് വടകരയ്ക്കടുത്ത് വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് വി.ആര്‍. നിവാസില്‍ രാഘവന്റെ വീട്ടില്‍. ഇവിടെനിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. അഗളി പോലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരമുള്ളത്. രാഘവന്റെ മകനും എസ്.എഫ്.ഐ. മുന്‍നേതാവുമായ റോവിത്ത് വഴിയാണ് ഇവിടെ എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. റോവിത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ കുറേക്കാലം പഠിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനാണെങ്കിലും ഇപ്പോള്‍ അവധിയിലാണ്. ബുധനാഴ്ച വൈകീട്ടാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവിടെ എത്തിയതെന്നും പറയുന്നു.

