അറസ്റ്റിനെ ഭയക്കുന്നില്ല’; ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി കെ. സുധാകരന്‍

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. വെള്ളിയാഴ്ച രാവിലെ കളമശ്ശേരി ക്രെെം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ തൃശ്ശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. അറസ്റ്റിനെ താന്‍ ഭയപ്പെടുന്നില്ല. ഏറെ കടമ്പകൾ കടന്ന് വന്ന വ്യക്തിയാണ്. ഇവയെല്ലാം രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. ആരിൽ നിന്നും ഒരു പെെസ പോലും വാങ്ങിയിട്ടില്ല. കോടതി നിർദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും സുധാകരൻ വ്യക്തമാക്കി. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും സുധാകരൻ ഹാജരായിരുന്നില്ല. തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള തീരുമാനം. അറസ്റ്റ് വേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ജാമ്യമനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്. 50000 രൂപയും രണ്ട് പേരുടെ ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥകൾ.

