വ്യാജ സർട്ടിഫിക്കറ്റ്: നിഖിൽ തോമസിന് ആജീവനാന്ത വിലക്കുമായി കേരള സർവകലാശാല

തിരുവനന്തപുരം∙ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ച മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാലയുടെ വിലക്ക്. നിഖിലിന് ഇനി കേരള സർവകലാശാലയിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല. ആജീവനാന്ത വിലക്കാണിത്. സർവകലാശാല സിൻഡിക്കറ്റാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. നിഖിൽ പഠിച്ച എംഎസ്എം കോളജിലെ അധ്യാപകരെയും അധികാരികളെയും വിളിച്ചുവരുത്തും. റജിസ്ട്രാറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി വിശദീകരണം തേടും. നിലവിൽ പൊലീസ് കസ്റ്റഡിയിലാണു നിഖിൽ. അതേസമയം, സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള സർട്ടിഫിക്കറ്റുകൾ പ്രത്യേക സെൽ വിശദമായി പരിശോധിക്കും. കായംകുളം എംഎസ്എം കോളജിൽ എംകോമിനു നിഖിൽ തോമസ് ചേർന്നത് ബികോം ജയിക്കാതെയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇയാൾ ഹാജരാക്കിയ ഛത്തിസ്ഗഡിലെ കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്യുകയും സിപിഎമ്മിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു

