KSDLIVENEWS

Real news for everyone

46 വർഷത്തിനിടെ ഏറ്റവും കുറവ് മഴ, പകുതി പോലും പെയ്തില്ല; കാറ്റുണ്ട്, പക്ഷേ മേഘമില്ല

SHARE THIS ON

പാലക്കാട് ∙ കൃത്യമായ സൂചനകളും അടയാളങ്ങളും മുൻകൂട്ടി തന്ന്, കാലവർഷക്കാലത്തു നിറഞ്ഞു പെയ്തിരുന്ന മഴ എപ്പേ‍ാൾ ലഭിക്കുമെന്ന പ്രവചനം നേ‍ാക്കിയിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. മേ‍ാശം സൂചനകളാണ് ഇപ്പേ‍ാഴുളളതെന്നാണു പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനും ഭൗമശാസ്ത്രവകുപ്പ് മുൻസെക്രട്ടറിയുമായ ഡേ‍ാ. എം.രാജീവൻ പറയുന്നത്. ഇടവപ്പാതി മുതലുള്ള നിരീക്ഷണങ്ങൾക്കും പ്രവചനങ്ങൾക്കും വഴങ്ങാതെ ജൂൺമാസവും തുടർച്ചയായ മഴയില്ലാതെ കടന്നുപേ‍‌ായി. വരാൻപേ‍ാകുന്ന കാലാവസ്ഥ എന്തായിരിക്കും എന്നതിനെക്കുറിച്ചാണു ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും ചർച്ച. 

പ്രമുഖ രാജ്യാന്തര കാലാവസ്ഥ ഏജൻസികൾ ഇന്ത്യൻ കാലവർഷത്തെക്കുറിച്ചല്ല, വരുംനാളുകളിൽ ലേ‍ാകത്തെ ആകമാനം തീവ്രമായി ബാധിക്കാവുന്ന ശാന്തസമുദ്രത്തിലെ എൽനീനേ‍ാ എന്ന ഉഷ്ണജലപ്രവാഹത്തിന്റെ വ്യാപനത്തെക്കുറിച്ചാണ് അനുദിനം നിരീക്ഷിക്കുന്നത്. ഒ‍ാഗസ്റ്റേ‍ാടെ അതിന്റെ  വ്യാപനം തീവ്രമാകും. എൽനീനേ‍ാ സ്വാധീനത്തിൽനിന്ന് ഒരു മേഖലയ്ക്കും രക്ഷപ്പെടാനാകില്ല. ഇന്ത്യയ്‌ക്കും, കാലവർഷം നിന്നുപെയ്തിരുന്ന കേരളത്തിനും അതു ബാധകമാണ്. കാലവർഷത്തിന്റെ തുടർച്ചയായ ഇടവേളകൾ അതാണു സൂചിപ്പിക്കുന്നതെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.


മൂന്നാം തീയതിമുതൽ ഒൻപതുവരെയുളള ദിവസങ്ങളിൽ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനമെങ്കിലും അതു ഒറ്റപ്പെട്ട സ്ഥലത്തെ അതിശക്തമായ മഴയിലേക്ക് ‍ഒതുങ്ങാനുള്ള സാധ്യതയും കാണുന്നു. ബംഗാൾ ഉൾക്കടലിലെ ചക്രവാതം ദുർബലമാണെങ്കിലും വരുംദിവസം ശക്തിപ്രാപിക്കുമെന്നും അങ്ങനെ മഴ കനക്കുമെന്നുമാണു കണക്കുകൂട്ടൽ. അതുവഴി കാലവർഷപ്പാത്തി സജീവമാകുമെന്ന നിഗമനവുമുണ്ട്.

കാസർകോട് നഗരത്തിൽ കനത്ത മഴയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ


ചക്രവാതം അധികം നീണ്ടുനിൽക്കില്ലെന്ന വാദവമുണ്ട്. അറബിക്കടലിനു മുകളിൽ കാർമേഘങ്ങൾ രൂപംകെ‍ാണ്ടെങ്കിലും ചുഴലിയെതുടർന്നു കാറ്റ് ശക്തമല്ലാത്തതിനാൽ അവ പെയ്യാത്ത സ്ഥിതിയായിരുന്നു നേരത്തെയുണ്ടായിരുന്നത്. ഇപ്പേ‍ാൾ കാറ്റിന് ദിശ വന്നപ്പോൾ വേണ്ടത്ര മേഘങ്ങൾ രൂപംകെ‍ാളളുന്നില്ലെന്നാണു നിരീക്ഷണം. കാറ്റുണ്ട് ആവശ്യത്തിന് മേഘമില്ലെന്ന സ്ഥിതി. ഉണ്ടാകുന്നവ അതിവേഗം ഇല്ലാതാകുന്നു. കടലിന്റെ ചൂടാണ് അതിനുകാരണമെന്നും നിഗമനമുണ്ട്. എൽനീനേ‍ാ കാരണം മിക്കയിടത്തും വരണ്ട കാലാവസ്ഥയെന്നാണു സ്വകാര്യ ഏജൻസികളുടെ റിപ്പേ‍ാർട്ട്.

കാർമേഘങ്ങൾ നിറഞ്ഞ്, ഇരുണ്ടുമൂടി പെയ്തുതുടങ്ങുന്ന മഴപെട്ടെന്ന് അവസാനിക്കുന്നതാണു പലയിടത്തെയും അനുഭവം. ചിലയിടത്ത് അതിശക്തമായി പെയ്യുകയും ചെയ്യുന്നു. കടലിൽ, ചില കേന്ദ്രങ്ങളിൽ ഇടിവെട്ടി, അതിശക്തമായ മഴയുണ്ടെന്നാണു മത്സ്യതെ‍‍ാഴിലാളികൾ പറയുന്നത്. ഗേ‍ാവ, മംഗളൂരു മേഖലയിൽ കാലവർഷം സജീവമെന്നാണു റിപ്പേ‍ാർട്ടുകൾ. 2018 ലെ ഒ‍ാർമയിൽ, അത് ആവർത്തിക്കുമേ‍ാ എന്ന ആശങ്കയും ഉയരുന്നുണ്ടെങ്കിലും എൽനീനേ‍ാ വർഷത്തിൽ അതിനുളള സാധ്യതയില്ലെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം. സാധാരണ രീതിയിലുളള നിരീക്ഷണവും സാധ്യമല്ലാത്ത രീതിയിൽ കാലാവസ്ഥ മാറിയതിനാൽ ആശങ്ക പൂർണമായി തള്ളാനും തയാറല്ല.


46 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഈ ജൂൺ മാസമാണെന്നു കണക്കുകൾ പറയുന്നു. സാധാരണഗതിയിൽ 648 മില്ലിമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടതെങ്കിലും ഇത്തവണ കിട്ടിയത് 260 മില്ലിമീറ്റർ. കിട്ടേണ്ടതിന്റെ പകുതിപോലും പെയ്തില്ല. ഇത്തവണയുൾപ്പെടെ 1900 നുശേഷം മൂന്ന് ജൂണുകളിൽ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1962 ൽ 224.9 മില്ലിമീറ്റർ, 1976–ൽ 196.4 മില്ലീമീറ്ററുമാണ് നേരത്തെ മഴ കുറഞ്ഞ ജൂൺ മാസങ്ങൾ. 

ജൂണിൽ മഴ പേരിനു മാത്രമാകുമ്പേ‍ാൾ, അത് മണ്ണിലും ഉൽപാദന മേഖലയിലും ഉണ്ടാക്കുന്ന ആഘാതം കുറച്ചല്ല. നിരവധി സൂക്ഷ്മപ്രശ്നങ്ങൾ പിന്നീട് നിത്യജീവിതത്തെ സാരമായി ബാധിക്കുന്ന സ്ഥിതിയിലേക്ക് വളരും. കാർഷിക മേഖലയെയാണു പ്രകടമായി ആദ്യം ബാധിക്കുന്നത്. അടുത്തദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചാലും അത് അധികം നീളാൻ സാധ്യതയില്ലെന്നും ഡേ‍ാ. രാജീവൻ നിരീക്ഷിക്കുന്നു. ചുഴലിക്കാറ്റു സമയത്ത് തീവ്രമഴ ലഭിച്ച രാജസ്ഥാൻ അടക്കമുളള സംസ്ഥാനങ്ങളിൽ പിന്നീട് മഴയില്ലാത്ത സ്ഥിതിയാണ്. പല സംസ്ഥാനങ്ങളിലും ഈസമയത്തു സാധാരണ കിട്ടേണ്ട മഴയുടെ 20 ശതമാനമാണ് കിട്ടിയത്. സ്ഥിതി എങ്ങേ‍ാട്ടാണു നീങ്ങുന്നതെന്നു ജൂലൈ അവസാനത്തേ‍ാടെയേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!