KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു; വിവിധയിടങ്ങളിൽ മരം വീണ് അപകടം, 36 വീടുകള്‍ തകര്‍ന്നു

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ശക്തമായ മഴയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. സംസ്ഥാനത്താകെ കാറ്റിലും മഴയിലും 36 വീടുകൾ ഭാഗികമായി തകർന്നു. ഹരിപ്പാട്, കായംകുളം മേഖലകളിലാണ് വീടുകൾ തകർന്നത്. 24 അംഗ എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോട്ടയം വെച്ചൂരിലും പൂഞ്ഞാറിലും വീടുകൾ ഇടിഞ്ഞുവീണതായി റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം മുതലപ്പുഴയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പത്തനംതിട്ട കോട്ടാങ്ങലിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ഒൻപതാം വാർഡിലെ ജോസഫിന്റെ വീട്ടുപരിസരത്തെ കിണറാണ് ഇടിഞ്ഞത്. കൊച്ചിയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ ഓടകളില്‍ നിന്നും ശുചിമുറിയില്‍ നിന്നുമടക്കം ഒഴുകിവരുന്ന മലിനജലമാണ് സ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്നത്. ഒറ്റദിവസത്തെ മഴയാണ് പ്രദേശത്തെ ആകെ വെള്ളത്തിൽ മുക്കിയിരിക്കുന്നത്. സ്റ്റാന്‍ഡിലെ കടകളിലേക്കുംം മലിനജലം കയറുന്ന സാഹചര്യമുണ്ട്. തൃശൂർ പെരിങ്ങാവ് ചേരൂർ റോഡിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു. ഇതോടെ തൃശൂരിൽ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകരാറിലായി. പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കർശന വിലക്കുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!