KSDLIVENEWS

Real news for everyone

പോസ്റ്റിനു മുകളിൽ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു; ‘തമ്മിലടി’ക്കൊടുവിൽ നീക്കിയത് 8 മണിക്കൂറിനു ശേഷം

SHARE THIS ON

കോഴിക്കോട് ∙ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ ഷോക്കടിച്ച് പെരുമ്പാമ്പ് ചത്തത് പ്രദേശവാസികളെ 8 മണിക്കൂറിലേറെ വട്ടം കറക്കി. ചേവായൂർ കാവ് സ്റ്റോപ്പിനു സമീപം കൊള്ളങ്കോട് ക്ഷേത്രത്തിനു മുൻപിലെ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കമ്പിയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ചൊവ്വാഴ്ച രാവിലെയാണ് ചത്ത പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പാമ്പിന് എട്ട് അടിയോളം നീളമുണ്ടായിരുന്നു. പ്രദേശവാസികൾ രാവിലെ തന്നെ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും കെഎസ്ഇബി അധികൃതർ ഇലക്ട്രിക് പോസ്റ്റിൽ നിന്നും പെരുമ്പാമ്പിനെ താഴെ ഇറക്കാൻ തയാറായില്ല. പാമ്പിനെ തൊടാൻ തങ്ങൾക്ക് അധികാരമില്ലെന്നും ഇതു നീക്കം ചെയ്യേണ്ടത് വനംവകുപ്പാണെന്നുമുള്ള വാദം ഉയർത്തിയാണ് കെഎസ്ഇബി അധികൃതർ കൈയ്യൊഴിഞ്ഞത്. ഒട്ടേറെ ആളുകൾ വന്നു പോകുന്ന ക്ഷേത്രത്തിനു മുൻപിലെ പോസ്റ്റിൽ തൂങ്ങികിടക്കുന്ന പാമ്പ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന വാർത്ത മനോരമ ഓൺലൈനിൽ വന്നതോടെ വനം വകുപ്പ് അധികൃതർ രംഗത്തെത്തി. വൈകിട്ടോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കനത്ത മഴയത്ത് ഏറെ പണിപ്പെട്ടാണ് ചത്ത പെരുമ്പാമ്പിനെ താഴെ ഇറക്കിയത്. ലൈൻ ഓഫാക്കുന്നതിനായി കെഎസ്ഇബി അധികൃതരെ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ, ലൈൻ ഓഫാക്കാതെ തന്നെ അതീവ ശ്രദ്ധയോടെ ചത്ത പെരുമ്പാമ്പിനെ താഴെ ഇറക്കുകയായിരുന്നു. ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫിന്റെ നിർദേശത്തെ തുടർന്ന് മാത്തോട്ടം വനശ്രീയിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ടി.വി.ഷൈരാജിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പെരുമ്പാമ്പിനെ താഴെയിറക്കിയത്. തുടർന്ന് പോസ്റ്റ്മാർട്ടത്തിനായി താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കു കൊണ്ടുപോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!