കൂടുതൽ മഴ പത്തനംതിട്ടയിൽ; വയനാട്ടിൽ 77% കുറവ്: ബുധനാഴ്ചയും വ്യാഴാഴ്ചയും പെയ്ത്ത് തുടരും

പാലക്കാട്∙ കാലവർഷം പിറന്ന് ഒരു മാസത്തിനുശേഷമാണ് മിക്കയിടത്തും ശക്തമായി മഴപെയ്തു തുടങ്ങിയതെങ്കിലും തെക്കും വടക്കുമുള്ള പെയ്ത്തിൽ ഏറ്റക്കുറച്ചിൽ. ഇത്തവണത്തെ കാലവർഷത്തിൽ തുടർച്ചയായി മഴ കിട്ടുന്ന ആദ്യത്തെ ദിവസങ്ങളാണിത്. രണ്ടുദിവസം കൂടി പലയിടത്തും തുടർച്ചയായും മറ്റിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
ചില കേന്ദ്രങ്ങളിൽ തീവ്രമഴ പ്രതീക്ഷിക്കുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ നടപടികളും ശക്തമാക്കി. കിഴക്കൻ പ്രദേശങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട മേഖലകളിലാണ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. കഴിഞ്ഞ വർഷം കൂട്ടിക്കലിൽ മേഘസ്ഫോടന സമാനമായ മഴയിലുണ്ടായ ഉരുൾപ്പൊട്ടലും ദുരന്തവും കണക്കിലെടുത്താണ് ഈ നടപടി. ഈ മേഖലയിൽ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
മൂന്നിന് രാവിലെ മുതൽ മധ്യകേരളത്തിൽ സജീവമായി, പിന്നീടു മറ്റിടങ്ങളിലേക്കും മഴ വ്യാപിക്കുകയായിരുന്നു. മുൻകരുതലായി വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴക്കുറവുണ്ടെങ്കിലും ജാഗ്രതയുടെ ഭാഗമായി ഇടുക്കിയിൽ യാത്രകൾക്കും നിരോധനം ഏർപ്പെടുത്തി. മുന്നറിയിപ്പുകൾ ഏറ്റവും വേഗത്തിൽ ലഭിക്കുന്ന സാഹചര്യവും നിലവിൽവന്നു.
ശക്തമായ മഴയിൽ വറ്റിവരണ്ടുകിടന്ന നദികളിലും പുഴകളിലും വെള്ളമൊഴുക്ക് സജീവമായി. മഴക്കാലത്തിന്റെ അന്തരീക്ഷം ഉണ്ടെങ്കിലും വരുംദിവസങ്ങളിലും തുടർച്ചയായി പെയ്തില്ലെങ്കിൽ ജലസംഭരണത്തിനും കൃഷിക്കും ഗുണം ചെയ്യില്ല. മഴക്കാലം തുടങ്ങിയ ജൂൺ ഒന്നു മുതൽ ചൊവ്വാഴ്ച രാവിലെ എട്ടുമണിവരെയുളള ഐഎംഡിയുടെ കണക്കനുസരിച്ച് ഏറ്റവും മഴക്കുറവ് വയനാട്ടിലാണ്–77%. തൊട്ടടുത്ത് കോഴിക്കോട് ജില്ല– 70%. പത്തനംതിട്ടയിലാണ് കൂടുതൽ മഴ പെയ്തത്.
എല്ലായിടത്തും പൊതുവായി നല്ല മഴ ലഭിക്കുന്നുവെന്നാണ് നിരീക്ഷണമെങ്കിലും പ്രധാന മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലും നിലവിൽ വേണ്ടത്ര പെയ്തില്ലെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയിലാണ് ഇതുവരെ കൂടുതൽ പെയ്തത്. ഇപ്പോഴത്തെ രീതിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടി പെയ്ത്ത് തുടരാനാണ് സാധ്യത. എട്ടുവരെ ശക്തമായ, ഒറ്റപ്പെട്ട വ്യാപക മഴയ്ക്കും കാറ്റിനുമുള്ള സാധ്യത ഐഎംഡി പ്രവചിച്ചിട്ടുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാം.
മൂന്നും നാലും തീയതികളിൽ കൂടുതൽ മഴ കിട്ടിയത് കാസർകോട് ജില്ലയിലെ കുടുലുവിലാണ് – 144 മില്ലിമീറ്റർ. ചേർത്തലയിൽ –155, കോട്ടയത്ത് –133 മില്ലീമീറ്ററും ലഭിച്ചു. ചൊവ്വാഴ്ച 12 മണിവരെ പീരുമേട് കാലാവസ്ഥാ സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 130 മില്ലീമീറ്റർ മഴയാണ്. പാലക്കാടൻ വിടവിന്റെ സ്വാധീനം കാരണം മഴ പതുക്കെയാണ് ജില്ലയിലെത്തുന്നത്. പാലക്കാട് കൂടുതൽ മഴ ലഭിച്ചത് തൃത്താലയിലാണ് – 48.2 മില്ലീമീറ്റർ. കാഞ്ഞിരപ്പള്ളി, റാന്നി, പീരുമേട്, മേഖലയിൽ മിക്കയിടത്തും ശരാശരി 90 മില്ലീമീറ്റർ മഴപെയ്തതായാണ് കണക്ക്.
വയനാടും പാലക്കാടും കാലവർഷക്കാറ്റ് ചുരം കയറുന്നതേയുള്ളൂ. അതേസമയം, തീരദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. മിക്കയിടത്തും ശരാശരി 60 മില്ലിമീറ്റർ മഴ കിട്ടിക്കഴിഞ്ഞു. ദിവസം ശരാശരി 7 സെന്റീമീറ്റർ എന്ന തോതിൽ പെയ്താലേ ഗുണമുണ്ടാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാലവർഷപ്പാത്തിയും കേരളം മുതൽ ഗുജറാത്തുവരെ നീളുന്ന തീരദേശപാത്തിയും സജീവമായതോടെയാണ് മഴയും ശക്തമായത്.
കാലവർഷക്കാറ്റ് വഴിമാറിയതും ദുർബലമായതും പിന്നീട് കാറ്റ് ബിപോർജോയ് ചുഴലിയുടെ സ്വാധീനത്തിൽ അമർന്നതും മഴയില്ലാതാക്കി. ശാന്തസമുദ്രത്തിലെ ഉഷ്ണജലപ്രവാഹത്തിന്റെ വ്യാപനത്തിന്റെ കാര്യമായ സ്വാധീനം നിലനിൽക്കുന്നതിനാൽ കാലവർഷക്കാറ്റ് വീണ്ടും ദുർബലമാകുമോ എന്നതും വിദഗ്ധർക്കിടയിൽ ചർച്ചയാണ്. എന്നാൽ, കാലവർഷപ്പാത്തി സജീവമയതിനാൽ മഴക്കാലം അടുത്തദിവസവും സജീവമാകുമെന്നാണ് കണക്ക് കൂട്ടൽ.
വയനാട്ടിലും കോഴിക്കോടും മഴ കുറവ്
ഇതുവരെയുള്ള കണക്കിൽ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴക്കുറവുള്ളത്. വയനാടും കോഴിക്കോടുമാണ് അതിൽ മുൻപിൽ.
മറ്റു ജില്ലകളിലെ മഴക്കുറവ് ശതമാനക്കണക്കിൽ: ആലപ്പുഴ – 27, കണ്ണൂർ – 50, എറണാകുളം – 35, ഇടുക്കി– 65, കാസർകോട് – 47, കൊല്ലം – 20, കോട്ടയം – 42, മലപ്പുറം – 59, പാലക്കാട് – 65, പത്തനംതിട്ട – 16, തിരുവനന്തപുരം – 39, തൃശൂർ – 53

