നടുറോഡിൽ വെള്ളക്കെട്ട്, ബസ് ബ്രേക്ക്ഡൗണായി; പയ്യോളി ദേശീയപാതയിൽ വൻഗതാഗത കുരുക്ക്

പയ്യോളി∙ കനത്ത മഴയ്ക്കിടെ ദേശീയപാതയില്‍ പയ്യോളി ഹൈസ്കൂളിന് സമീപം ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വച്ച് ബ്രേക്ക് ഡൗണാവുകയായിരുന്നു. ഇതേ തുടർന്ന് വടകരയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഭാഗത്ത് വാഹന ഗതാഗതം തടസപ്പെട്ടു. കണ്ണൂർ ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുന്ന ലിമിറ്റഡ് ബസാണ് ബ്രേക്ക് ഡൗണായത്. വെള്ളക്കെട്ടിൽ നിന്നും ബസ് മാറ്റാത്തതിനാൽ സർവീസ് റോഡ് വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്. ഇതേ സ്ഥലത്ത് ഇന്നലെ കാർ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്നും ഗതാഗത തടസം നേരിട്ടിരുന്നു. രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടർന്നാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നും വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആകുന്നതും. ഇവിടെ നിന്ന് വെള്ളം നീക്കുന്നതിനാവശ്യമായ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ല. വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസുമില്ല. പ്രദേശവാസികൾ ഇടപെട്ടാണ് വാഹനങ്ങളെ കടത്തി വിടുന്നത്.

