ജിം, മസാജ് ടേബിൾ, സൗന്ദര്യവർധക സംവിധാനം; വാർഷിക ചെലവ് 130 കോടി: പുതിന്റെ ട്രെയിൻ വിവരങ്ങൾ ചോർന്നു

കീവ്: യുക്രൈൻ അധിനിവേഷം കൊടുമ്പിരി കൊള്ളുന്ന 2022 ഓഗസ്റ്റ് 5-ലെ രാത്രി, മോസ്കോയിലെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ യുക്രൈൻ യുദ്ധം എങ്ങനെ ഒഴിവാക്കാം എന്ന് അസ്വസ്ഥപ്പെടുന്ന സമയത്ത് ഉന്നതങ്ങളില്‍നിന്ന് ഗതാഗത വകുപ്പിന് ഒരു അപേക്ഷ ലഭിച്ചു. പ്രസിഡന്റ് വ്ളാദിമിർ പുതിൻ സഞ്ചരിക്കുന്ന ട്രെയിനിലെ സ്പോർട്സ് ഹെൽത്ത് ബോഗിയിൽ അത്യാഢംബര ജിം അടക്കമുള്ള സംവിധാനങ്ങൾ കൂട്ടിച്ചേർക്കാൻ വേണ്ടിയുള്ള നിർദേശമായിരുന്നു അത്. ഇതിന്റെ രേഖകളും പുതുതായി നിർമ്മിച്ച ബോഗിയുടെ ചിത്രങ്ങളും ഇപ്പോൾ പുറത്തായിരിക്കുകയാണ്. അത്യാഢംബര സംവിധാനങ്ങളടങ്ങിയ, അതീവ സുരക്ഷാ കവചങ്ങളുള്ള ട്രെയിനിന്റെ രേഖകളും ചിത്രങ്ങളും ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റഷ്യൻ രഹസ്യാന്വേഷകരുടെ സംഘമാണ് പുറത്തുവിട്ടത്. രാജ്യത്തിനകത്തും തന്റെ സ്വകാര്യ യാത്രകൾക്കായും പുതിൻ ആശ്രയിക്കുന്ന ട്രെയിനിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു. പുതിൻ ട്രെയിൻ ഉപയോഗിക്കുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയിനിനകത്ത് വെച്ച് യോഗം ചേരുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. അതീവ സുരക്ഷയാണ് ട്രെയിനിന് ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തായ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. ജനാലകളും വാതിലുകളും ബുള്ളറ്റ് പ്രൂഫ് ആണ്. ജീവൻ രക്ഷാപ്രവർത്തനത്തിനായി അത്യാധുനിക മെഡിക്കൽ സംവിധാനങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. സി.എൻ.എന്നിന്റെ റിപ്പോർട്ട് പ്രകാരം, 2018-ലാണ് ബോഗിയുടെ നിർമ്മാണം പൂർത്തിയായത്. പിന്നീട് ഇതിൽ പല മാറ്റങ്ങളും വരുത്തുകയുണ്ടായി. നിർമ്മാണ സമയത്ത് എടുത്ത ഫോട്ടോകളാണ് ഇപ്പോൾ പുറത്തു വന്നത്. ട്രെയിൻ നിർമ്മിച്ച റഷ്യൻ റെയിൽവേയുടെ പക്കൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റഷ്യൻ രഹസ്യാന്വേഷണ സംഘത്തെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. ട്രെയിനിലേക്ക് പുതുതായി ചേർത്ത ബോഗിയിലെ ജിം, സ്പാ, സൗന്ദര്യ വർധക സംവിധാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കമുള്ളതാണ് ഈ രേഖകൾ. ആദ്യഘട്ടത്തിൽ ഇറ്റാലിയൻ നിർമ്മിത ടെക്നോജിം അടക്കമുള്ള സംവിധാനങ്ങളായിരുന്നു ബോഗിയിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് മാറ്റം വരുത്തി അമേരിക്കൻ കമ്പനിയുടെ ജിം മെഷീനുകൾ ഘടിപ്പിച്ചതായാണ് രേഖകളിൽ വ്യക്തമാക്കുന്നത്. ബോഗിയുടെ ഡോറിൽ കൂടെ കടന്ന് ചെല്ലുമ്പോൾ, സൗന്ദര്യവർധക സംവിധാനങ്ങൾ, മസ്സാജ് ടേബിൾ, തൊലിയിലെ ചുളിവ് മാറ്റാനുള്ള റേഡിയോ ഫ്രീക്വൻസി മെഷീൻ അടക്കമുള്ള സംവിധാനങ്ങൾ കാണാൻ സാധിക്കും. സ്റ്റീം ബാത്ത് അടക്കമുള്ളവയ്ക്കായുള്ള സംവിധാനങ്ങളടങ്ങിയതാണ് ബോഗിയിലെ ബാത് റൂം. തീയേറ്റർ അടക്കമുള്ളവ ട്രെയിനിലുള്ളതായാണ് വിവരം. പുതിന് പുറംലോകവുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങളും ചില ബോഗികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവിവരങ്ങൾ ചോരാതിരിക്കാൻ വേണ്ട മുൻകരുതലുകളോടെയാണ് ട്രെയിനിന്റെ നിർമ്മാണം. ഡീസൽ പവർ ജനറേറ്ററാണ് ഉപയോഗിച്ചിരിക്കുന്നത്. 609 കോടിയോളം രൂപയാണ് ട്രെയിൻ നിർമ്മാണത്തിനായി ക്രെംലിൻ ചെലവഴിച്ചതെന്നാണ് വിവരം. 130 കോടി രൂപയാണ് ഓരോ വർഷവും ട്രെയിന്റെ മെയിന്റനൻസിന് വേണ്ടി ചെലവഴിക്കേണ്ടി വരികയെന്ന് റിപ്പോർട്ടിൽ പറയുന്നു. 20 ബോഗികളാണ് ട്രെയിനിലുള്ളത്. ഇതിൽ ഓരോ ബോഗിയിലും രാജ്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങളും ഉൾക്കൊള്ളുന്നുണ്ട്. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ ട്രെയിനിനകത്തെ സംവിധാനങ്ങളും സുരക്ഷയും ഒന്നു കൂടി വർധിപ്പിച്ചുവെന്നാണ് വിവരം. ട്രെയിനിന്റെ നിർമ്മാണം 2014-ലായിരുന്നു. തുടർന്ന് ഓരോ മാറ്റങ്ങൾ വരുത്തി, ആവശ്യമായ തരത്തിൽ ബോഗികൾ കൂട്ടിച്ചേർക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ ട്രെയിനുമായി ബന്ധപ്പെട്ട് പുറത്തായ വിവരങ്ങൾ ക്രെംലിൻ തള്ളി. ഇത്തരത്തിൽ ഒരു ട്രെയിൻ അദ്ദേഹം ഉപയോഗിക്കുകയോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലോ ഇല്ല എന്ന് ക്രെംലിനിൽ നിന്ന് അറിയിച്ചു. തന്റെ യാത്രകളുടെ സുരക്ഷയ്ക്കും രഹസ്യാത്മക സൂക്ഷിക്കുന്നതിനും വേണ്ടി, ട്രെയിൻ യാത്രകളാണ് പുതിൻ കൂടുതലായും ആശ്രയിക്കുന്നത് എന്ന് മുൻ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥനും മുൻ എഞ്ചിനിയറുമായി ഗ്ലെബ് കർകുലോവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുള്ള യാത്രയാണെങ്കിൽ ടേക്ക് ഓഫ് ചെയ്യുന്നതോടെ റഡാറിൽ പെടും. എന്നാൽ ട്രെയിൻ അങ്ങനെയല്ല. അതിന്റെ ലക്ഷ്യ സ്ഥാനങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന് കർകുലോവ് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

