കണ്ണീര്‍ക്കടലിലൂടെ ജന്മനാട്ടിലേക്ക്; 24 മണിക്കൂർ പിന്നിട്ട് വിലാപയാത്ര, കണ്ണീരോടെ കേരളം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂർ പിന്നിടുന്നു. വൻ ജനക്കൂട്ടങ്ങൾക്കിടയിൽ ചങ്ങനാശ്ശേരി പിന്നിട്ട് പുതുപ്പള്ളിയോടടുക്കുകയാണ് വിലാപയാത്ര. യാത്രകളിൽ ഉടനീളം വൈകാരികനിമിഷങ്ങളായിരുന്നു. അവസാനമായി ഒരു നോക്കു കാണാൻ വേണ്ടി ഉറക്കമൊഴിച്ച് പുലർച്ചെയോളം കാത്തിരുന്നു ജനം. മുദ്രാവാക്യം വിളിച്ച്, കണ്ഠമിടറി തങ്ങളുടെ പ്രിയനേതാവിന് യാത്ര പറഞ്ഞു. ജനക്കൂട്ടം തിങ്ങിക്കൂടി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാന്‍ കഴിയുന്നത്. തിരുവനന്തപുരം ജില്ല കടക്കാന്‍ എട്ടുമണിക്കൂറിലേറെയാണ് എടുത്തത്. മകന് ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് വെച്ച ശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഉച്ചയ്ക്ക് 3.30-ന് സംസ്കരിക്കും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെത്തുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

