ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയിലും കോട്ടയത്തും സ്മാരകമുയരും

കോട്ടയം: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഓർമകളുമായി കോട്ടയത്തും പുതുപ്പള്ളിയിലും സ്മാരകമുയരും. ഡി.സി.സിയുടെ നേതൃത്വത്തിൽ കോട്ടയത്ത് അദ്ദേഹത്തിന്‍റെ പേരിൽ പുതിയ ജില്ല കമ്മിറ്റി ഓഫിസും പൂർണകായ പ്രതിമയും സ്ഥാപിക്കാനാണ് ആലോചന. ജന്മനാടായ പുതുപ്പള്ളിയിലും സ്മാരകം നിർമിക്കും. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം മായാതെ നിലനിൽക്കത്തക്ക രീതിയിലുള്ള സ്മാരകമാണ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിൽ അനുശോചനയോഗവും നടക്കും. പുതുപ്പള്ളിയിലും യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

