ക്ഷണം സ്വീകരിച്ചു, ലീഗിന്റെ നേതൃത്വത്തിലുള്ള ഏക സിവില്‍കോഡ് സെമിനാറില്‍

കോഴിക്കോട്: മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകസിവില്‍കോഡ് സെമിനാറിൽ സി.പി.എം. പങ്കെടുക്കും. ബുധനാഴ്ച കോഴിക്കോട് വെച്ചാണ് ഏകസിവിൽകോഡിനെതിരേ മുസ്ലിം കോര്‍ഡിനേഷന്റെ പേരിൽ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സിപിഎമ്മിനേയും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്. നേരത്തെ ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീംലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസടക്കമുള്ള യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ക്ഷണം നിരസിച്ചിരുന്നത്. ഏക സിവില്‍കോഡ് വിഷയത്തില്‍ രാഷ്ട്രീയചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനും മുസ്ലിംസമുദായത്തിലടക്കം ഇടതുപക്ഷത്തിന് സ്വീകാര്യതയുണ്ടാക്കാനും പാര്‍ട്ടി നടത്തിയ സെമിനാറിന് കഴിഞ്ഞെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ പങ്കെടുക്കുന്ന ലീഗ് സെമിനാറും പ്രയോജനപ്പെടുത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.

