KSDLIVENEWS

Real news for everyone

കോട്ടയത്ത് വൻ മോഷണം; കതകുപൊളിച്ച് അകത്തുകടന്നു, 20 ലക്ഷം വിലമതിക്കുന്ന 40 പവന്‍ കവര്‍ന്നു

SHARE THIS ON

ഏറ്റുമാനൂർ: പട്ടാപ്പകൽ തെള്ളകത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം. 20 ലക്ഷം രൂപ വിലമതിക്കുന്ന 40 പവനിലധികം വരുന്ന സ്വർണം, വജ്ര ആഭരണങ്ങളാണ് കവർച്ചചെയ്തത്. തെള്ളകം പഴയാറ്റ് ജേക്കബ് എബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച മോഷണം നടന്നത്. ജേക്കബ്, ഭാര്യ ലില്ലിക്കുട്ടി, മകൻ അഭി ജേക്കബിന്റെ ഭാര്യ അലീന എന്നിവർ രാവിലെ 10-ന് വീട്ടിൽനിന്ന് ഷോപ്പിങ്ങിനായി പുറത്തുപോയിരുന്നു. രാത്രി എട്ടോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. അടുക്കളഭാഗത്തെ കതകുപൊളിച്ച്‌ അകത്തുകയറിയ മോഷ്ടാവ് അലമാരയ്ക്കുള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്ത് മുക്കുപണ്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതെടുത്തിട്ടില്ല. അഞ്ച് മാസം മുമ്പായിരുന്നു ജേക്കബിന്റെ മകൻ കാനഡയിൽ ജോലിയുള്ള അഭി ജേക്കബിന്റെ വിവാഹം. മകന്റെ ഭാര്യ അലീനയുടെയും ലില്ലിക്കുട്ടിയുടെയും സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. ജേക്കബും ഭാര്യയും അടുത്ത മാസം ഓസ്ട്രേലിയയിൽ മകളുടെ അടുത്തേക്ക് പോകുന്നതിനാൽ സ്വർണാഭരണങ്ങൾ കഴിഞ്ഞദിവസം ലോക്കറിൽനിന്ന് എടുത്ത് മറ്റൊരു ലോക്കറിലേക്ക് മാറ്റാനായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജേക്കബിന്റെ വീടിന്റെ ഗേറ്റുതുറക്കുന്ന ശബ്ദം സമീപവാസികൾ കേട്ടിരുന്നു. എന്നാൽ, വീട്ടുകാർ തന്നെയാകുമെന്നാണ് അയൽവാസികൾ കരുതിയത്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി. എസ്.എച്ച്.ഒ. പ്രസാദ് അബ്രഹാം വർഗീസ്, സബ് ഇൻസ്പെക്ടർ കെ.കെ.പ്രശോഭ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ഞായറാഴ്ച രാവിലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!