ഇടുക്കി അടിമാലിയിൽ കണ്ണില്ലാത്ത ക്രൂരത; യുവാവിൻ്റെ കൈപ്പത്തി വെട്ടിമാറ്റി; തടിവ്യാപാരി അറസ്റ്റിൽ

ഇടുക്കി: അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. ഫര്‍ണിച്ചര്‍ ജോലിക്കാരനായ അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജി(43)ന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. പണമിടപാട് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. കൈപ്പത്തി വെട്ടിമാറ്റിയ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറോടെ പൊളിഞ്ഞപാലം ജംഗ്ഷനിലായിരുന്നു ആക്രമണം. വിജയരാജിന്റെ കൈപ്പത്തി 80 ശതമാനം അറ്റു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. അപകടനില തരണം ചെയ്തു. സഹോദരി പുത്രനൊപ്പം വാഹനത്തിൽ വരികയായിരുന്ന വിജയരാജിനെ വാഹനം തടഞ്ഞ് ബിനു ആക്രമിക്കുകയായിരുന്നു. വിജയരാജ് വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ബിനു കൈപ്പത്തി പിടിച്ചുവെച്ച് വെട്ടുകയായിരുന്നു.

