ദേശീയപാത വികസിപ്പിക്കൽ; നിർമാണം മെല്ലെപ്പോക്ക്, അപാകത, മേഘ കമ്പനിക്ക് നോട്ടിസ്

കാസർകോട്: ദേശീയപാത വികസനം നിർമാണത്തിൽ കരാർ പ്രകാരമുള്ള പുരോഗതി ഇല്ലാത്തതും അപാകതകൾ ആരോപിച്ചും മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ്. ചെങ്കള മുതൽ നീലേശ്വരം വരെയുള്ള 37.268 കിലോമീറ്റർ രണ്ടാം റീച്ചിലെ പാത വികസനവുമായി ബന്ധപ്പെട്ടാണ് ദേശീയപാത അതോറിറ്റി നോട്ടിസ് നൽകിയത്.
2020 ഡിസംബർ 21ന് പദ്ധതി നിർമാണം അനുവദിച്ചുവെങ്കിലും 2022 ജൂലൈ 31വരെ 9.20 ശതമാനം മാത്രമാണ് പണി പുരോഗതി ഉണ്ടായത്. ഈ ഘട്ടത്തിൽ 20 ശതമാനം പണി തീർക്കേണ്ടതായിരുന്നു. 2023 ജനുവരി 24നാണ് 20 ശതമാനത്തിലെത്തിയത്. 177 ദിവസം വൈകിയായിരുന്നു അത്. 2022 ഡിസംബർ 18ന് 19.87 ശതമാനമായിരുന്നു പണി തീർത്തത്. രണ്ടാം ഘട്ടത്തിലെ 35 ശതമാനം പണി തീർക്കേണ്ട സമയമായിരുന്നു ഇത്. 164 ദിവസം വൈകി കഴിഞ്ഞ മേയ് 31നാണ് 35 ശതമാനം പുരോഗതിയിലെത്തിയത്. https://www.youtube.com/embed/1hRJir6vyZk#amp=1
നിർമാണ സൈറ്റ് ക്യാംപ് ഒരുക്കൽ, നിർമാണത്തിനാവശ്യമായ സാമഗ്രികൾ സജ്ജമാക്കൽ എന്നിവയിലുൾപ്പെടെ പരാജയപ്പെട്ടതായാണു വിലയിരുത്തൽ. പദ്ധതി പ്രവർത്തനം ആകെ പാളിയ നിലയിലാണെന്ന് നോട്ടിസിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 70.49 ശതമാനം ഫിസിക്കൽ പുരോഗതി ഉണ്ടാവണമെന്നിരിക്കെ 36.284 ശതമാനം മാത്രമാണ് കൈവരിക്കാൻ കഴിഞ്ഞത്. 15 ദിവസത്തിനകം ഉചിതമായ മറുപടി ലഭിച്ചില്ലെങ്കിൽ ഇനി ഒരു ചോദ്യമില്ലാതെ തന്നെ അതോറിറ്റി ആവശ്യമായ നടപടിയെടുക്കുമെന്ന് കേരള റീജനൽ ഓഫിസർ ബി.എൽ. മീന കമ്പനിയെ അറിയിച്ചു.
മേൽപാലം തുടങ്ങി പാലങ്ങളുടെ നിർമാണത്തിൽ പുരോഗതി ഉണ്ടെങ്കിലും പാത നിർമാണത്തിൽ വളരെ പിറകിൽ ആണെന്നാണ് റിപ്പോർട്ട്. പല തവണ യോഗങ്ങളിലും കത്തുകളിലുമായി നിർമാണ ലക്ഷ്യം കൈവരിക്കണമെന്നു നിർദേശം നൽകിയെങ്കിലും അത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് നോട്ടിസ് വ്യക്തമാക്കുന്നു. പ്രധാന പാത, സർവീസ് റോഡ്, ഡ്രെയിൻ വോൾ എന്നിവയുടെ എല്ലാം നിർമാണം പാതിവഴിയിലാണ്. ഇതേ കമ്പനിയുടെ കീഴിൽ നിർമാണത്തിലിരിക്കുന്ന പെരിയയിലെ അടിപ്പാത ഏതാനും മാസങ്ങൾക്കു മുൻപു തകർന്നു വീണിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയതാണ്.

