KSDLIVENEWS

Real news for everyone

കൊലയ്ക്ക് മുന്‍പ് പാട്ട്, പഠനകാലത്തേ ലഹരിക്കടിമ;പിടിയിലായത് മംഗലാപുരത്ത് സ്വര്‍ണം വില്‍ക്കുന്നതിനിടെ

SHARE THIS ON

തൃശ്ശൂര്‍: വടക്കേക്കാട് വയോധികദമ്പതിമാരെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെറുമകന്റെ അറസ്റ്റ് രേഖപ്പെടുത്തി. നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡില്‍ പനങ്ങാവില്‍ അബ്ദുള്ള(75) ഭാര്യ ജമീല(64) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ചെറുമകനായ അക്മലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പ്രതിയെ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി. പ്രതി കുറ്റംസമ്മതിച്ചതായും കഴുത്തറത്താണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.


മയക്കുമരുന്നിന് അടിമയായ അക്മല്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അബ്ദുള്ളയെയും ജമീലയെയും അതിദാരുണമായി കൊലപ്പെടുത്തിയത്. ഇരുവരെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം ജമീലയുടെ അറത്തുമാറ്റിയ തല വീട്ടിലെ കോണിപ്പടിയിലാണ് വെച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ദമ്പതിമാരുടെ മകന്‍ നൗഷാദ് ഭക്ഷണവുമായി വീട്ടിലെത്തിയപ്പോളാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്.

കൃത്യം നടത്തിയശേഷം വീട്ടില്‍നിന്ന് കടന്നുകളഞ്ഞ അക്മലിനെ മംഗലാപുരത്തുനിന്ന് പിടികൂടിയെന്നാണ് പോലീസ് പറയുന്നത്. ജമീലയെ കൊലപ്പെടുത്തി ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കിയിരുന്നു. ഈ സ്വര്‍ണാഭരണങ്ങളുമായി മംഗലാപുരത്തേക്ക് കടന്ന പ്രതി ഇത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

നേരത്തെ മംഗലാപുരത്തെ കോളേജില്‍ പഠിച്ചിരുന്ന അക്മല്‍ ഇവിടേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ തൃശ്ശൂര്‍ പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മംഗലാപുരം പോലീസിന് കൈമാറിയിരുന്നു. ഇതനുസരിച്ച് മംഗലാപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അതിനിടെ, ബിസിനസ് തുടങ്ങാനായി പണം ആവശ്യപ്പെട്ട് അക്മല്‍ നേരത്തെ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായും വിവരങ്ങളുണ്ട്. കൊലപാതകത്തിന് മുന്‍പും വീട്ടില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. പണത്തിന് വേണ്ടിയാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറയുന്നു.

അബ്ദുള്ള-ജമീല ദമ്പതിമാരുടെ മകളായ നിമിതയുടെ ആദ്യവിവാഹത്തിലെ മകനാണ് അക്മല്‍. കുഞ്ഞുനാള്‍ മുതല്‍ അക്മലിനെ വളര്‍ത്തിയത് അബ്ദുള്ളയും ജമീലയുമാണ്. ഏറെനാളായി ഇവര്‍ രണ്ടുപേരും അക്മലും മാത്രമാണ് ഇരുനിലവീട്ടില്‍ താമസിക്കുന്നത്.

വീട്ടില്‍ ഇടയ്ക്കിടെ പ്രശ്‌നമുണ്ടാക്കുമായിരുന്ന അക്മലിനെ കഴിഞ്ഞ വര്‍ഷം തിരൂരിലെ പുനരധിവാസകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നുമാസംമുന്‍പാണ് ചികിത്സ കഴിഞ്ഞെത്തിയത്. പിന്നീട് സ്വകാര്യ ബാങ്കില്‍ ജോലിക്ക് കയറിയ അക്മല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നാണ് ബന്ധുക്കള്‍ കരുതിയത്. എന്നാല്‍, കുറച്ചുദിവസമായി വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇതേത്തുടര്‍ന്ന് അബ്ദുള്ളയെയും ജമീലയെയും കൂട്ടിക്കൊണ്ടുപോകാന്‍ മകന്‍ നൗഷാദ് ഞായറാഴ്ച വൈകീട്ട് വന്നിരുന്നു. പക്ഷേ, ഇവര്‍ പോകാന്‍ തയ്യാറായില്ല. ചെറുമകന്‍ വീട്ടില്‍ ഒറ്റയ്ക്കാകുമെന്ന് പറഞ്ഞാണ് ഇവര്‍ പോകാന്‍ കൂട്ടാക്കാതിരുന്നത്‌. എന്നാല്‍, നൗഷാദ് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടുപേരെയും അക്മല്‍ കൊലപ്പെടുത്തുകയായിരുന്നു.

ലഹരിയില്‍ നിന്ന് മടങ്ങാനായില്ല, അരുംകൊല

അക്മലിന്റെ ജീവിതത്തില്‍ എന്തിനും കൂടെയുണ്ടായിരുന്നത് അബ്ദുള്ളയും ജമീലയുമാണ്. വിദേശത്തായിരുന്ന അബ്ദുള്ള 20 വര്‍ഷംമുന്‍പാണ് നാട്ടിലേക്ക് മടങ്ങുന്നത്. പിന്നീട് ഈ വീട്ടില്‍ ഇവര്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്.

മംഗലാപുരത്താണ് അക്മല്‍ പഠിച്ചിരുന്നത്. ഇവിടേക്ക് പോയതുമുതലാണ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചശേഷം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. മയക്കുമരുന്നിനായി പണം കിട്ടാതെ വന്നപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സാമൂഹികമാധ്യമങ്ങളില്‍ അക്മല്‍ സജീവമായിരുന്നു. ഇടയ്ക്കിടെ നൃത്തം ചെയ്യുന്ന വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. മംഗളൂരു യൂണിവേഴ്സിറ്റിയില്‍നിന്ന് ഡിഗ്രി വിജയിച്ച സന്തോഷവും കഴിഞ്ഞ ദിവസങ്ങളില്‍ അക്മല്‍ പങ്കുവെച്ചിരുന്നു. കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പും ചില അവ്യക്തമായ പാട്ടുകള്‍ പങ്കുവെച്ചിരുന്നു.

ചോരക്കളമായി ഇരുനില വീട്, കാഴ്ച കണ്ട് ഞെട്ടി മകന്‍…

ഇരുനില വീടിന്റെ താഴത്തെ നിലയിലെ മുറികളിലാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴുത്ത് അറത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ജമീലയുടെ അറത്തുമാറ്റിയ തല വീട്ടിനുള്ളിലെ കോണിപ്പടിയിലാണുണ്ടായിരുന്നത്.

ദമ്പതിമാരുടെ മകന്‍ നൗഷൗദ് പ്രഭാതഭക്ഷണവുമായി വീട്ടില്‍ എത്തിയപ്പോളാണ് ഞെട്ടിക്കുന്ന കൊലപാതകം പുറംലോകമറിയുന്നത്. നൗഷാദ് രാവിലെ ഭക്ഷണവുമായി എത്തിയപ്പോള്‍ വാതില്‍ പൂട്ടിയനിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ ജനലില്‍കൂടി നോക്കി. രക്തം വാര്‍ന്നുകിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. ജനലില്‍കൂടി കൈയിട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഹൃദയം തകരുന്ന ദൃശ്യങ്ങളായിരുന്നു. തലകള്‍ അറുത്തുമാറ്റിയനിലയില്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കണ്ട് അലറിവിളിച്ച് പുറത്തേക്ക് ഓടിയ നൗഷാദ് വീട്ടുപടിക്കല്‍ വീണു. തുടര്‍ന്ന് സുഹൃത്തും വാര്‍ഡ് അംഗവുമായ എസ്.കെ.ഖാലിദിനെ വിളിക്കുകയായിരുന്നു. ഖാലിദ് അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!