നെയ്‍മര്‍ ഒടിടിയിലേക്ക് എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

മാത്യു തോമസും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ ചിത്രമായിരുന്നു നെയ്‍മര്‍. മെയ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പദ്മ ഉദയ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ യുവതാരങ്ങളെ കൂടാതെ വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സൻ സ്കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആല്‍ബി ആന്റണിയാണ്. ഷാൻ റഹ്‍മാന്‍ സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് ഒരുക്കിയിരിക്കുന്നത്. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വഹിക്കുന്ന നെയ്മറിന്റെ എഡിറ്റിംഗ് നൗഫല്‍ അബ്‌ദുള്ളയാണ്.

