KSDLIVENEWS

Real news for everyone

നാടുവിട്ടത് ഭാര്യയെ പേടിച്ച്, ഇനി അങ്ങോട്ടില്ല; വാര്‍ത്തകളൊന്നും അറിഞ്ഞിരുന്നില്ലെന്ന് നൗഷാദ്‌

SHARE THIS ON

തൊടുപുഴ: ഭാര്യ അഫ്‌സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് ഒന്നര വര്‍ഷത്തിനു ശേഷം പോലീസ് കണ്ടെത്തിയ നൗഷാദ്. തൊമ്മന്‍കുത്ത് എന്ന സ്ഥലത്താണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നൗഷാദ് താമസിച്ചിരുന്നത്. അവിടെ കൂലിവേലചെയ്തായിരുന്നു ഉപജീവനം. തന്നേത്തേടിയുള്ള അന്വേഷണങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നൗഷാദ് സ്ഥലത്ത് ഉള്ളതായി ഇയാൾ താമസിച്ചിരുന്ന പ്രദേശത്തെ ചിലർ പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇയാളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് പ്രദേശവാസിയായ ജയ്‌മോന്‍ എന്ന പോലീസുകാരന്‍ സ്ഥലത്തെത്തുകയും നൗഷാദുമായി സംസാരിക്കുകയും ചെയ്തു. വീട്ടില്‍നിന്ന് കാണാതായതിന് കേസുള്ളതോ ഭാര്യ തന്നെ കുഴിച്ചുമൂടിയെന്ന് പോലീസില്‍ മൊഴി നല്‍കിയതോ ഒന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായുള്ള മൊഴി പോലീസിന് നല്‍കിയതെന്ന് അറിയില്ലെന്ന് നൗഷാദ് പറയുന്നു. ഭാര്യയുമായി ചില വഴക്കുകളൊക്കെ ഉണ്ടായിരുന്നു. കുടുംബവുമായി തനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പേടിച്ചിട്ടാണ് ഭാര്യയുടെ അടുത്തുനിന്ന് പോന്നത്. അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും നൗഷാദ് പറഞ്ഞു. നിലവില്‍ നൗഷാദിനെ തൊടുപുഴയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഉച്ചയോടെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും. ഭാര്യയുടെ കൂടെ താമസിക്കാന്‍ താത്പര്യമില്ല എന്നാണ് നൗഷാദ് പറഞ്ഞത്. ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭാര്യക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി തോന്നിയിരുന്നതായും നൗഷാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!