വായ മൂടി, കുട്ടിയുടെ ഉടുപ്പ് കഴുത്തിൽ കുരുക്കി, അതിക്രൂര കൊലപാതകം; ചുമത്തിയത് 9 വകുപ്പ്

കൊച്ചി ∙ ആലുവയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടതു ബലാത്സംഗത്തിനിടെയെന്നു റിമാൻഡ് റിപ്പോർട്ട്. നിലവിളിച്ച കുട്ടിയുടെ വായ പ്രതി അസഫാക് ആലം മൂടിപ്പിടിച്ചു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയുടെ കഴുത്തിൽ വസ്ത്രം കുരുക്കി മരണം ഉറപ്പിക്കുകയായിരുന്നു. കുട്ടി ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് ഇതിനായി ഇയാൾ ഉപയോഗിച്ചത്. സംഭവം നടക്കുന്ന സമയത്തു പ്രതി മദ്യപിച്ചിരുന്നില്ലെന്നും കൃത്യം നടത്തിയത് അസഫാക് ആലം ഒറ്റയ്ക്കാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അസഫാക് ആലത്തിനെതിരെ ഒൻപതു വകുപ്പുകൾ ചേർത്താണു കേസെടുത്തത്. പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവു നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അസഫാക് ആലത്തെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഏഴ് ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പോക്സോ കോടതി അപേക്ഷ പരിഗണിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനാണു പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കുറ്റകൃത്യം നടത്തിയതിനു പ്രതിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയുന്നതിനു പൊലീസ് വിശദമായ അന്വേഷണം നടത്തും. സംഭവ സ്ഥലത്ത് പ്രതിയെ എത്തിച്ചിരുന്നെങ്കിലും ജനരോഷത്തെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചില്ല. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ, മറ്റു ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. താമസിച്ച സ്ഥലത്തും സംഭവസ്ഥലത്തും പ്രതിയെ എത്തിച്ചു തെളിവെടുപ്പു നടത്തും. പ്രാഥമിക ചോദ്യചെയ്യലിൽ ഒറ്റയ്ക്കാണു കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണു പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഇയാൾക്കു വീട് എടുത്തു നൽകിയ മൂന്നുപേരെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.

