എന്തിനും കുറ്റംപറയുന്നത് പോലീസിന്റെ മനോവീര്യം തകർക്കും, പ്രതിപക്ഷനേതാവിന്റെ കുറ്റപ്പെടുത്തൽ ബാലിശം

കൊച്ചി: ആലുവയിലേത് വേദനാജനകമായ സംഭവമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് താന്‍ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിനായി ചെയ്യാന്‍ കഴിയുന്ന സഹായമെല്ലാം സര്‍ക്കാര്‍ നല്‍കും. സംഭവത്തില്‍ പോലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. ഒരു കുറ്റവാളിയേയും രക്ഷപ്പെടാന്‍ പോലീസ് അനുവദിക്കില്ല. എല്ലാ പഴുതും അടച്ചുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പോലീസിനെതിരായ വിമര്‍ശനത്തിന് അടിസ്ഥാനമൊന്നുമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘എന്തിനും പോലീസിനെ കുറ്റം പറയുക എന്ന തെറ്റായ പ്രവണത പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂ. സാധാരണ നല്ല അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. എല്ലാ രംഗങ്ങളിലും പോലീസ് സജീവമായി പ്രവര്‍ത്തിച്ചുണ്ട്. ദുഃഖകരമായ സംഭവത്തെ ആരും രാഷ്ട്രീയവത്കരിക്കരുത്’, ഇ.പി. ജയരാജന്‍ ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോര്‍ജ് ഇന്നലെ തന്നെ എത്തിയിരുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രി പി. രാജീവ് ഔദ്യോഗികമായി വളരേ തിരക്കേറിയതിനാല്‍ തിരുവനന്തപുരത്തായിരുന്നു. അദ്ദേഹം തന്നെ ഇന്നലെ വരാന്‍ പുറപ്പെട്ടതാണ്. വരാനുള്ള നടപടികളെല്ലാം ആരംഭിച്ചതായിരുന്നു, എന്തുകൊണ്ട് എത്തിയില്ലെന്ന് അറിയില്ലെന്നും ഇ.പി. ജയരാജന്‍ അറിയിച്ചു. ‘പോലീസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാം. എന്നാല്‍, അന്വേഷണത്തെപ്പോലും തടസ്സപ്പെടുത്താനല്ലേ പോലീസിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനം ഇടയാക്കുക? അന്വേഷണത്തിനെതിരേ വിമര്‍ശനാത്മകമായ നിലപാട് സ്വീകരിക്കാന്‍ പോടുണ്ടോ? ആലുവ ജനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നാടല്ലേ? എന്ത് അടിസ്ഥാനത്തിലാണ് പോലീസിനെ കുറ്റപ്പെടുത്തുക? തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പോലീസ് തിരുത്തും. പക്ഷേ, ഇവിടെ പോലീസിന് തെറ്റൊന്നും പറ്റിയില്ലല്ലോ?’, അദ്ദേഹം ചോദിച്ചു. മുഖ്യമന്തി വരുമ്പോള്‍ ആയിരംപേരെ ഇറക്കുന്ന പോലീസ് ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് വേണ്ടി എത്രപേരെ ഇറക്കിയെന്ന് ചോദിച്ച പ്രതിപക്ഷനേതാവിന്റെ കുറ്റപ്പെടുത്തല്‍ ബാലിശമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രതിപക്ഷനേതാവ് പറയേണ്ട വാക്കുകളല്ലത്. അദ്ദേഹം സ്വയം ചെറുതാവുകയാണ്. ഉയര്‍ന്ന് നില്‍ക്കാന്‍ എപ്പോഴും പരിശ്രമിക്കണമെന്നും ഇ.പി. ആവശ്യപ്പെട്ടു.

