കോവളം– ബേക്കൽ ജലപാതയിൽ 280 കി.മീ ദൂരം ബോട്ടോടും; സ്വപ്നപദ്ധതി, 6000 കോടി

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കോവളം–ബേക്കൽ ജലപാതയിലൂടെ (വെസ്റ്റ് കോസ്റ്റ് കനാൽ) 280 കിലോമീറ്റർ ദൂരത്തിൽ ഈ വർഷം ബോട്ട് ഓടിത്തുടങ്ങും. ജലപാത നിർമാണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന പുനരധിവാസത്തിന് പ്രത്യേക പാക്കേജിലൂടെ സർക്കാർ പരിഹാരം കണ്ടു. തിരുവനന്തപുരം ആക്കുളം മുതൽ തൃശൂർ ചേറ്റുവ വരെയുള്ള മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസം അടുത്ത മാസം പൂർത്തീകരിക്കും. ഇത്രയും ദൂരം ആദ്യഘട്ടത്തിൽ ബോട്ട് ഓടിക്കാനാകും. ബോട്ട് വാങ്ങാനും പദ്ധതിയുടെ ഭാഗമായ വർക്കല ടണലിൽ ടൂറിസം പദ്ധതി നടപ്പാക്കാനും ടെൻഡർ വിളിച്ചു. കിഫ്ബി ധനസഹായത്തോടെ 6000 കോടിയിലേറെ രൂപ ചെലവിടുന്ന 616 കിലോമീറ്റർ പദ്ധതി കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയും കേരള സർക്കാരും ചേർന്നുള്ള കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) ആണു നടപ്പാക്കുന്നത്. കനാൽ പുറമ്പോക്കിൽ അനധികൃതമായി കഴിയുന്ന 1397 കുടുംബങ്ങളെയാണ് ആകെ പുനരധിവസിപ്പിക്കേണ്ടത്. ആദ്യഘട്ടത്തിനായി 594 കുടുംബങ്ങളെ മാറ്റേണ്ടതിൽ 327 കുടുംബങ്ങൾക്കു പണം അനുവദിച്ച് പുനരധിവസിപ്പിച്ചു. 101 കുടുംബങ്ങളുടേത് ഈ മാസമുണ്ടാകും. ശേഷിക്കുന്നവ സെപ്റ്റംബറിൽ പൂർത്തിയാക്കും. പുറമ്പോക്കിലുള്ളവരെ വെറുംകയ്യോടെ ഇറക്കിവിടാതെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് കഴിഞ്ഞ നവംബറിലാണ്. എംഎൽഎമാരുടെ ഇടപെടലിനൊപ്പം പാക്കേജിന്റെ പ്രത്യേകതകൊണ്ടു കൂടിയാണു പുനരധിവാസത്തിനു വേഗം വച്ചത്. ഒരു കുടുംബത്തിനു 10 ലക്ഷം രൂപ, പകരം വീടു കിട്ടുന്നതുവരെ വാടകയ്ക്കു കഴിയാൻ ഒരു ലക്ഷം രൂപ, നിലവിലുള്ള വീടിന്റെ മൂല്യമായി നിശ്ചിത തുക എന്നിങ്ങനെയാണു പാക്കേജ്. 700 ചതുരശ്രമീറ്ററിനു താഴെ വിസ്തീർണമുള്ളതായിരുന്നു എല്ലാ വീടുകളും. ഒരുവർഷത്തിൽ താഴെ പഴക്കമുള്ളതിന് 14 ലക്ഷം രൂപ വരെ മൂല്യം അനുവദിച്ചിട്ടുണ്ട്. പണം ബാങ്കിലെത്തിയാൽ 15 ദിവസത്തിനകം വീടൊഴിയണം. ആദ്യഘട്ടത്തിൽപെടുന്ന കൊല്ലം–കോട്ടപ്പുറം 168 കിലോമീറ്റർ ദേശീയ ജലപാതയാണ്. ആക്കുളം–കൊല്ലം ദൂരം 60 കിലോമീറ്ററും കോട്ടപ്പുറം–ചേറ്റുവ 52 കിലോമീറ്ററുമാണ്. വർക്കലയിലും കഠിനംകുളത്തും ഏതാനും കിലോമീറ്ററിൽ ഡ്രജിങ് നടക്കാനുണ്ട്. വർക്കലയിൽ ചിലക്കൂരും ശിവഗിരിയിലും ടണലിലൂടെയാണു പാത. അവസാനഘട്ടം അതികഠിനം പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിൽ കുറെക്കൂടി ബുദ്ധിമുട്ടേണ്ടിവരും. 1118 കോടിയുടെ കനാൽ സിറ്റി പ്രഖ്യാപിച്ചിരിക്കുന്ന കോഴിക്കോട്ടാണ് ഏറ്റവുമധികം ചെറുപാലങ്ങൾ മാറ്റിസ്ഥാപിക്കേണ്ടത്. മാഹി, വളപട്ടണം പുഴകൾക്കിടയിൽ 26 കിലോമീറ്റർ ദൂരത്തിലും നീലേശ്വരം, ചിത്താരി പുഴകൾക്കിടയിൽ 6.5 കിലോമീറ്ററിലും കൃത്രിമ കനാലുകൾ നിർമിക്കണം. കോവളം–ആക്കുളം സ്ട്രെച്ചിലെ പുറമ്പോക്കിലുള്ള 803 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും വേണം.

