സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പാലക്കാട്: ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. വള്ളിക്കോട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുട്ടിയെ സ്കൂളില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഡ്രെെവറുടെ അതിക്രമം. തുടര്‍ന്ന് കുട്ടി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഇടപെട്ട് വാഹനം തടയുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കെെമാറുകയായിരുന്നു. സാധാരണ കുട്ടിയെ സ്കൂളില്‍ കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവര്‍ അവധി ആയതിനാല്‍ അദ്ദേഹം മണികണ്ഠനെ ജോലി ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. നിലവില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അല്പസമയത്തിനകം പാലക്കാട് കോടതിയില്‍ ഹാജരാക്കും.

