കാഞ്ഞങ്ങാട് കോട്ടച്ചേരി രാം നഗർ റോഡിൽ കണ്ടെയ്നർ ലോറികൾ കുടുങ്ങി; ഗതാഗതം സ്തംഭിച്ചു

കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി രാം നഗർ റോഡിൽ കണ്ടെയ്നർ ലോറികൾ കുടുങ്ങി നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് 5.20ന് ആണ് സംഭവം. കാസർകോട് ഭാഗത്ത് നിന്നു വന്ന കൂറ്റൻ കണ്ടെയ്നർ ലോറികൾ മാവുങ്കാലിലേക്ക് പോകുമ്പോഴാണ് കുടുങ്ങിയത്. വൈദ്യുതി കമ്പികളിൽ തട്ടി മുന്നോട്ട് പോകാനാകാതെ രണ്ടു ലോറികളും റോഡിൽ കുടുങ്ങി. ഇതോടെ നഗരത്തിലേക്ക് വരുന്ന വാഹനങ്ങളെല്ലാം വഴിയിൽ കുടുങ്ങി. ലോറികൾ കുടുങ്ങിയതോടെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. സഹായവുമായി പൊതുജനങ്ങളും എത്തി. വൈദ്യുതി ലൈനുകൾ ഉയർത്തി ലോറി പിന്നോട്ട് എടുത്തു. രണ്ടു ലോറികളും പിന്നോട്ട് എടുത്ത ശേഷം നഗരത്തിലൂടെ കടത്തി വിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഏകദേശം 1 മണിക്കൂറോളം നഗരം നിശ്ചലമായി. പിന്നീട് ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. കാസർകോട് ഭാഗത്ത് നിന്നു ലോറികൾ മാവുങ്കാലിലേക്കു പോകുന്നതിനായി പെട്ടെന്ന് തിരിക്കുകയായിരുന്നു വെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് പറഞ്ഞു. തിരക്കു സമയങ്ങളിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കാഞ്ഞങ്ങാട് സൗത്തിൽ നിന്നു വലിയ വാഹനങ്ങൾ ദേശീയപാത വഴി കടത്തി വിടാറുണ്ട്. എന്നാൽ കാസർകോട് ഭാഗത്ത് നിന്നു യാതൊരു നിയന്ത്രണവും ഇല്ലാതെ വലിയ വാഹനങ്ങൾ നഗരത്തിൽ എത്തുന്നു. ഇതുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ചെറുതല്ല. പലപ്പോഴും ഹോം ഗാർഡിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയും ഉണ്ടാകുന്നു

