KSDLIVENEWS

Real news for everyone

ബില്ലടയ്ക്കാൻ പണമില്ല, എംപി അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് വേണ്ടെന്ന് മടിക്കൈ പഞ്ചായത്ത്

SHARE THIS ON

നീലേശ്വരം ∙ മടിക്കൈ പഞ്ചായത്തിൽ എംപി അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ ബില്ലടയ്ക്കാൻ പണമില്ലെന്നു പഞ്ചായത്ത്.   രാജ്മോഹൻ ഉണ്ണിത്താൻ എംപി അനുവദിച്ച മിനി മാസ്റ്റ് തെരുവുവിളക്ക് വേണ്ടെന്നു മടിക്കൈ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചതോടെ സംഭവം വിവാദമായി. വാർഡ് 14ൽ പെടുന്ന കീക്കാംകോട്ട് സ്കൂളിനു സമീപം മിനി മാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് അനുഭാവികൾ ഉൾപ്പെടുന്ന സാരഥി പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് എ.ദിനേശൻ, സെക്രട്ടറി കെ.വി.അനിൽകുമാർ എന്നിവരാണ് എംപിക്ക് അപേക്ഷ നൽകിയിരുന്നത്. എംപി വിളക്ക് അനുവദിക്കുകയും ചെയ്തു. 

വികസന ഫണ്ടിൽ നിന്നു തുക അനുവദിച്ചതായി അറിയിച്ചു കൊണ്ടുള്ള എംപിയുടെ കത്തും ചേർത്ത് സംഘം ഭാരവാഹികൾ പഞ്ചായത്തിന് അപേക്ഷ നൽകി. പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു.   പഞ്ചായത്തിനു തനതു വരുമാനം കുറവായതിനാൽ എംപി അനുവദിച്ച മിനിമാസ്റ്റ് വിളക്കിനു വൈദ്യുതി ചാർജ് അടക്കാൻ നിർവാഹമില്ലെന്നും ഇതിനാൽ വിളക്ക് സ്ഥാപിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. 

ഇക്കാര്യം അപേക്ഷകരെ അറിയിക്കുന്നതിനു പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഘം ഭാരവാഹികൾ രേഖാമൂലം കാരണമാരാഞ്ഞതോടെ രേഖാമൂലം തന്നെ മറുപടിയും നൽകി. മറുപടി സഹിതം കലക്ടർക്കു പരാതി നൽകാനാണു സാരഥി പുരുഷ സ്വയംസഹായ സംഘത്തിന്റെ തീരുമാനം. 

കീക്കാംകോട്ട് സ്കൂൾ, അങ്കണവാടി എന്നിവയ്ക്കു സമീപത്തെ പ്രധാന ജംക്‌ഷനിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി അനുവദിച്ച മിനിമാസ്റ്റ് തെരുവുവിളക്ക് വേണ്ടെന്ന പഞ്ചായത്തിന്റെ തീരുമാനം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. വിളക്ക് സ്ഥാപിച്ചാൽ എംപിയുടെ ചിത്രവും അതിൽ വരുമെന്നതിനാലാണിത്. ഇവിടെയുള്ള പഞ്ചായത്ത് തെരുവുവിളക്കു കത്താതെ നാളുകളായി.

എ.ദിനേശൻ, പ്രസിഡന്റ്, സാരഥി പുരുഷ സ്വയംസഹായ സംഘം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!