KSDLIVENEWS

Real news for everyone

നീലേശ്വരത്ത് കടൽ ജീവനെടുത്ത യുവാക്കൾക്ക് തീരദേശം കണ്ണീരോടെ വിട നൽകി

SHARE THIS ON

നീലേശ്വരം: കടൽ കവർന്ന, ജീവനറ്റ ആ രണ്ടുപേരുടെയും ശരീരങ്ങൾ അവസാനമായി ഒന്നുകാണാൻ ധാരാളമാളുകളാണ് ഒരുപകൽ മുഴുവൻ നീലേശ്വരത്തിന്റെ തീരദേശത്തേക്ക് ഒഴുകിയെത്തിയത്. മീൻപിടിത്തത്തിനിടെ കടലിൽ വീണ സുഹൃത്ത് പി.വി.രാജേഷിനെ രക്ഷിക്കാനായിരുന്നു ഫിഷറീസ് വകുപ്പിന്റെ കടൽ സുരക്ഷാഗാർഡ് എം.സനീഷ് കടലിലേക്കിറങ്ങിയത്. കടലിൽ കുടുങ്ങിയവരുടെതും അപകടത്തിൽപ്പെട്ടവരുടേതുമെല്ലാമായി നൂറിലേറെപ്പേരുടെ ജീവൻ രക്ഷിച്ച സനീഷിന് പക്ഷേ ഞായറാഴ്ച കടലിൽ പിഴച്ചു. സുഹൃത്തിനെ രക്ഷിക്കാൻ അവസാനംവരെ ശ്രമിച്ചെങ്കിലും അത്‌ വിഫലമായി. രക്ഷാപ്രവർത്തനത്തിന് സനീഷിന് കൂട്ടായുണ്ടായിരുന്ന സുഹൃത്തുക്കൾ രാജേഷിനെ കരയ്ക്കെത്തിച്ചപ്പോഴേക്കും സനീഷ് കടലിൽ ചുഴിയിൽപ്പെട്ടിരുന്നു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തം. ഒടുവിൽ സുഹൃത്തുക്കൾ സനീഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചുഴിയിൽനിന്ന് കരയ്ക്കെത്തിയപ്പോഴേക്കും സനീഷിന്റെ ജീവനും നഷ്ടമായിരുന്നു. നാട്ടുകാരും തൃക്കരിപ്പൂർ തീരദേശ പോലീസ് എസ്.ഐ. എം.ഭാസ്കരന്റെ നേതൃത്വത്തിൽ തീരദേശ പോലീസും ജീവനക്കാരും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നീലേശ്വരം പോലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മത്സ്യത്തൊഴിലാളിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായിരുന്ന അനീഷ് നീന്തൽ വിദഗ്ധനും കഴിഞ്ഞ ആറു വർഷമായി ഫിഷറീസ് വകുപ്പിന്റെ കടൽസുരക്ഷാ ഗാർഡുമാണ്. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സ് സെന്ററിൽനിന്ന് പരിശീലനം നേടിയതാണ് സനീഷ്. തൈക്കടപ്പുറത്തെ ഭരതന്റെയും പദ്മിനിയുടെയും മകനാണ്. രാജേഷ് തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പരേതനായ മല്ലക്കര ദാമോദരന്റെയും കല്യാണിയുടെയും മകനാണ്. രാജീവ് യൂത്ത് ക്ലബ് ബോട്ട് ജെട്ടി, തൈക്കടപ്പുറം പ്രിയദർശിനി ഭവൻ എന്നിവിടങ്ങളിൽ നടന്ന പൊതുദർശനത്തിൽ എം.രാജഗോപാലൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ, സി.പിഎം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ബിജെ.പി. ജില്ലാ സെക്രട്ടറി എ.വേലായുധൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.സി.റഹ്‌മാൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, നഗരസഭാധ്യക്ഷ ടി.വി.ശാന്ത, ഉപാധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി, കെ.പി.സി.സി. അംഗം കെ.പി.കുഞ്ഞിക്കണ്ണൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.കെ.ബാബു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!