ഫർഹാസിന്റെ മരണം; എസ്ഐയാണു സംഭവത്തിനു തുടക്കമിട്ടതെന്ന് ബന്ധു; നാടാകെ പ്രതിഷേധം

കുമ്പള ∙ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച്ചു സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുമെന്ന്, മരിച്ച ഫർഹാസിന്റെ ബന്ധു റഫീഖ് കണ്ണൂർ പറഞ്ഞു. പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയതാണെന്ന പ്രചരണം ശരിയല്ല. സ്കൂളിൽ നിന്നു പള്ളിയിലേക്കു വരുന്ന വഴിയിൽ നിർത്തിയിട്ട കാറിൽ ഇവിടെയിറങ്ങിയ എസ്ഐ മദ്യലഹരിയിൽ ഡോറിലേക്കു ചവിട്ടുകയാണുണ്ടായത്.
കുട്ടികളിലൊരാൾ വെള്ളം വാങ്ങാൻ ഇറങ്ങുന്നതിനു കാറിന്റെ ഡോർ തുറന്നിരുന്നു. ഈ സമയം ഇവിടെയത്തിയ പൊലീസ് ‘നിങ്ങൾ അംഗടിമുഗർ സ്കൂളിലെ കുട്ടികളല്ലേ’ എന്നു ചോദിച്ചു ചീത്ത വിളിച്ചു കാറിന്റെ വാതിലിൽ ചവിട്ടി. ഇതോടെ ഭയന്ന കുട്ടികൾ കാറെടുത്തു പോകാൻ ശ്രമിക്കുമ്പോൾ റോഡിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ തട്ടി. ഇതോടെ കുട്ടികൾ വീണ്ടും പേടിച്ചു. വെപ്രാളത്തിൽ കാറെടുത്തു പോയി. 6 കിലോമീറ്ററോളം ഇടയ്ക്കിടെ അപകടമുണ്ടാകുന്ന അധികം വളവുതിരിവുകളുള്ള ഈ റോഡിലൂടെ അതിവേഗത്തിൽ പിന്തുടർന്നു.
രമേശ് ചെന്നിത്തല, എംഎൽഎ: കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി ഫർഹാസ് മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണം. ഇക്കാര്യത്തിൽ പൊലീസിനെ സ്ഥലം മാറ്റിയതു കൊണ്ടു കാര്യമില്ല. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായി. വിദ്യാർഥിയോടിച്ച വാഹനം പിന്തുടർന്നു ഭീകരാന്തരീക്ഷരം ഉണ്ടാക്കിയത് കാരണം വിലപ്പെട്ട ജീവനാണ് നഷ്ടമായത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുകയും വേണം അതോടൊപ്പം കുടുംബത്തിന് മതിയായ ധനസഹായം നൽകണം
എസ്ഐയാണു സംഭവത്തിനു തുടക്കമിട്ടതെന്നും പൊലീസ് മദ്യലഹരിയിലായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. കാർ ഓടിക്കുന്നയാൾക്കു ലൈസൻസില്ല എന്നാണു പൊലീസ് കരുതിയിരുന്നത്. ലൈസൻസും രേഖകളൊക്കെ ഉണ്ടായിരുന്നു. പൊലീസിനെതിരെ മാതാവിന്റെ പരാതിയുമായി പൊയപ്പോൾ കാസർകോട് ഡിവൈഎസ്പി പൊലീസിനെ ന്യായീകരിക്കുകയായിരുന്നെന്നും റഫീഖ് പറഞ്ഞു.
സിപിഎം നേതാക്കൾ ഫർഹാസിന്റെ വീട് സന്ദർശിച്ചു
കുമ്പള ∙ ഫർഫാസിന്റെ വീട് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, മറ്റു നേതാക്കളായ കെ.ആർ.ജയാനന്ദ, പി.രഘുദേവൻ, പ്രദീപ് എന്നിവർ സന്ദർശിച്ചു. പൊലീസിന്റെ ഭാഗത്തുള്ള വീഴ്ചയിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് മേധാവികളുമായും ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും കുടുംബത്തിന് എല്ലാ കാര്യങ്ങളിലും പാർട്ടിയുടെ പൂർണ പിന്തുണയും സഹായവും ഉണ്ടാകുമെന്നും ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി വാഹനാപകടത്തിൽ കുട്ടി മരിച്ച സംഭവത്തിൽ പൊലീസുകാരുടെ അനാസ്ഥ അന്വേഷിച്ചു സർവീസിൽ നിന്നു തന്നെ നീക്കം ചെയ്തു കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. നിർത്തിയിട്ട കാറിന്റെ വാതിലിൽ പൊലീസ് ചവിട്ടിയെന്നാണ് അറിയാൻ കഴിഞ്ഞത്. ജനപ്രതിനിധികളുമായും എസ്പി, കലക്ടർ എന്നിവരുമായി സംസാരിച്ചു. മാതൃകാപരമായി ശിക്ഷിക്കണമെന്നു സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. കുടുംബത്തിന്റെയും നാടിന്റെയും ദുഖത്തിൽ പങ്കു ചേരുന്നു. ഫർഹാസിന് ആദരാഞ്ജലികൾ.
പ്രതിഷേധം ശക്തം
പ്ലസ്ടു വിദ്യാർഥി മുഹമ്മദ് ഫർഹാസ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്. പൊലീസ് പിന്തുടർന്നതാണ് അപകടത്തിനിടയാക്കിയതെന്ന വിമർശനം പ്രതിഷേധ പരിപാടികളിൽ നേതാക്കൾ ആവർത്തിച്ചു. ഇന്നലത്തെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും പങ്കെടുത്തു. ചൊവ്വാഴ്ച നടത്തിയ ഉപരോധത്തിൽ പങ്കെടുത്ത 40ലേറെ മുസ്‌ലിം ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം: എംഎൽഎ
കുമ്പള ∙ അംഗഡിമുഗർ സ്‌കൂൾ വിദ്യാർഥി ഫർഹാസിന്റെ മരണം പൊലീസ് വാശിയുടെ പുറത്തു നടത്തിയ കൊലപാതകമാണെന്നും അപകടത്തിനു കാരണക്കാരായ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ഇപ്പോൾ പ്രഖ്യാപിച്ച ക്രൈം അന്വേഷണത്തിൽ യാതൊരു വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും എ.കെ.എം.അഷ്‌റഫ് എംഎൽഎ പറഞ്ഞു. മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പൊലീസ് സ്റ്റേഷനു മുൻപിൽ നടത്തിയ ധർണ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.
ഫർഹാസിന്റെ ദാരുണ മരണത്തിനിടയാക്കിയ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യണം. പള്ളിയിൽ പോകുന്ന ഫർഹാസും സഹപാഠികളും സഞ്ചരിച്ച കാറിന്റെ പിറകെ അകാരണമായി കുമ്പള അഡീഷനൽ എസ്ഐയും പോലീസ് സംഘവും പിന്തുടർന്നതിനെ തുടർന്നാണു വാഹനം അപകടത്തിൽപ്പെട്ടത്. സമൂഹത്തിനും ജനങ്ങൾക്കും സംരക്ഷണം നൽകേണ്ട പൊലീസ് സംവിധാനം പൂർണമായി പരാജയപ്പെട്ടു എന്നതിന്റെ തുടർ സംഭവമാണ് ഒരു നാടിനെ ദുഃഖത്തിലാഴ്ത്തിയ വിദ്യാർഥിയുടെ മരണം.
പി.കെ.ഫൈസൽ, ഡിസിസി പ്രസിഡന്റ്
പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമ്പോൾ കാഞ്ഞങ്ങാട്ടേക്കു സ്ഥലം മാറ്റുന്നത് നടപടിയല്ല, അംഗീകാരമാണ്. ക്രൈംബ്രാഞ്ച് അന്വേഷിച്ചു നീതികരമായ നടപടിയുണ്ടാവുമെന്നും യാതൊരു പ്രതീക്ഷയുമില്ലെന്നും ഇനിയൊരു ഒരു മരണം ഇതുപോലെ ഇനി ഉണ്ടാകാതിരിക്കാൻ പ്രതികളായ പൊലീസിനെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു സർക്കാർ സംവിധാനം ഉണ്ടാക്കിയ കൊലപാതകത്തിനു നഷ്ടപരിഹാരമായി കുടുംബത്തിന് 25 ലക്ഷം രൂപ സമാശ്വാസം നൽകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.ആരിഫ്, എം.ബി.യൂസഫ്, ടി.എ.മൂസ, എം.അബ്ബാസ്, സൈഫുള്ള തങ്ങൾ, അസീസ് കളത്തൂർ, ഇർഷാദ് മൊഗ്രാൽ, അബ്ദുൽ റഹ്‌മാൻ ബന്ദിയോട്, പി.എച്ച്.ഹമീദ്, ഹാദി തങ്ങൾ മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു.

