ദേശീയ പാതാ വികസനം: നീലേശ്വരത്ത് ആകാശപാത വേണമെന്ന് ആവശ്യം; സമരപരമ്പരയ്ക്ക് ഇന്നു തുടക്കം

നീലേശ്വരം ∙ ദേശീയപാതാ വികസനത്തിനു നിലവിൽ അംഗീകരിച്ച രൂപരേഖ അനുസരിച്ചു രണ്ടായി വിഭജിക്കപ്പെടുന്ന നീലേശ്വരം മാർക്കറ്റ് ജംക്‌ഷനിൽ ആകാശപാത വേണമെന്നാവശ്യപ്പെട്ടുള്ള സമരപരമ്പരയ്ക്ക് ഇന്നു തുടക്കം. എൽഡിഎഫ് നടത്തുന്ന ബഹുജന മാർച്ചും പ്രതിഷേധജ്വാലയും ഇന്നു വൈകിട്ടും യുഡിഎഫ് ജനകീയമുന്നണിയുടെ മനുഷ്യശൃംഖല പ്രതിഷേധജ്വാല നാളെ വൈകിട്ടും നടക്കും. ദേശീയപാതയിലെ പ്രധാന ജംക്‌ഷനായ നീലേശ്വരം മാർക്കറ്റ് ജംക്‌ഷനെ മണ്ണിട്ടുയർത്തി രണ്ടായി വിഭജിക്കുന്ന എംബാങ്ക്ഡ് ബ്രിജ് നിർമിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ആകാശപാത നിർമിക്കണമെന്നും നീലേശ്വരം പുഴയ്ക്കു കുറുകെയുള്ള പഴയ റോഡ് പാലം പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് സമരം. വൈകിട്ട് 5.30നു കോൺവന്റ് ജംക്‌ഷനിൽ നിന്നു ബഹുജന മാർച്ച് തുടങ്ങും. 6നു മാർക്കറ്റ് ജംക്‌ഷനിൽ പ്രതിഷേധ ജ്വാല നടത്തി പൊതുയോഗം ചേരും. എൽഡിഎഫ് ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ ദിനം മുതൽ 5 ദിവസം സത്യഗ്രഹം നടത്തിയ യുഡിഎഫ് തുടർസമരങ്ങൾ ജനകീയ മുന്നണിക്കു വിട്ടിരുന്നു. ജനകീയ മുന്നണി നാളെ വൈകിട്ട് 5 മുതൽ 6 വരെ മാർക്കറ്റിൽ മനുഷ്യശൃംഖല പ്രതിഷേധജ്വാല നടത്തും. ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് ആകാശപാത വേണമെന്നത് നീലേശ്വരം നഗരസവാസികളുടെ ആവശ്യമാണ്. ഏറെ വൈകും വരെയും ഉണർന്നിരുന്ന പ്രധാന ജംക്‌ഷനാണ് മാർക്കറ്റ് ജംക്‌ഷൻ. എംബാങ്ക്ഡ് ബ്രിജ് വന്നാൽ ഈ പ്രദേശം രണ്ടായി വിഭജിക്കപ്പെടുകയും മൃതാവസ്ഥയിലാവുകയും ചെയ്യും. മുഹമ്മദ്കുഞ്ഞി നീലേശ്വരം, എഴുത്തുകാരൻ, പൊതുപ്രവർത്തകൻ മന്ദംപുറം– റെയിൽവേ സ്റ്റേഷൻ റോഡ് ജംക്‌ഷൻ മുതൽ കോട്ടപ്പുറം റോഡ് ജംക്‌ഷൻ വരെ അര കിലോമീറ്റർ ദൂരത്തിലാണു മനുഷ്യശൃംഖല സൃഷ്ടിച്ച് പ്രതിഷേധ ജ്വാല തീർക്കുക. ആകാശപാതയെച്ചൊല്ലി കഴിഞ്ഞ ദിവസവും എൽഡിഎഫും യുഡിഎഫും തമ്മിൽ രാഷ്ട്രീയ വാഗ്വാദം നടന്നിരുന്നു. ഡിപിആർ ഘട്ടത്തിൽ എംപിയും എംഎൽഎമാരും ബന്ധപ്പെട്ട തദ്ദേശ ഭരണ നേതൃത്വങ്ങളും വേണ്ടത്ര ജാഗ്രതയും ഇടപെടലും നടത്താത്തതാണു നീലേശ്വരത്തെ ആകാശപാത ഉൾപ്പെടെയുള്ള വിഷയങ്ങൾ സങ്കീർണമാക്കിയതെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

