KSDLIVENEWS

Real news for everyone

കേന്ദ്രനയം തുണ, KSRTC കുത്തക റൂട്ടുകള്‍ പിടിക്കാന്‍ സ്വകാര്യ ബസ്സുകള്‍, 140 കി.മി പരിധിയുമില്ല

SHARE THIS ON

കെ.എസ്.ആര്‍.ടി.സി.ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കുത്തക പാതകളിലേക്ക് കേന്ദ്രനയം മറയാക്കി സ്വകാര്യബസുകള്‍ കടന്നുകയറുന്നു. കെ.എസ്.ആര്‍.ടി.സി.ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്ന സംരക്ഷണമാണ് ഇതോടെ ഇല്ലാതാകുന്നത്. കേന്ദ്ര മോട്ടോര്‍വാഹനനിയമത്തില്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലഘൂകരിച്ചതാണ് സ്വകാര്യബസ് നടത്തിപ്പുകാര്‍ മുതലെടുക്കുന്നത്. ഓള്‍ ഇന്ത്യാ പെര്‍മിറ്റ് എടുക്കുന്ന ബസുകള്‍ക്ക് ഏത് റൂട്ടിലും പെര്‍മിറ്റില്ലാത്തെ റൂട്ട് ബസുകളെപ്പോലെ ഓടാന്‍ അനുമതി നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി വരുത്തിയിരുന്നത്. ഫ്‌ളീറ്റ് ഓണര്‍ നിയമത്തിലൂടെ ദീര്‍ഘദൂരപാതകളില്‍നിന്നും സ്വകാര്യബസുകളെ കേരളം ഒഴിവാക്കിയിരുന്നു. ഓര്‍ഡിനറി ബസുകളുടെ പരമാവധി യാത്രാദൂരം 140 കിലോമീറ്ററായി ചുരുക്കിയും കെ.എസ്.ആര്‍.ടി.സി.ക്ക് സംരക്ഷണകവചം ഒരുക്കി. സംസ്ഥാനത്തിന്റെ ഈ നടപടികളെ ഇനി ഓള്‍ ഇന്ത്യാ പെര്‍മിറ്റിലൂടെ മറികടക്കാന്‍ കഴിയും. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ എഴുദിവസത്തിനകം പെര്‍മിറ്റ് ലഭിക്കും. ഓള്‍ ഇന്ത്യാ പെര്‍മിറ്റെടുത്ത സ്വകാര്യബസ് ഉടമ പത്തനംതിട്ട- കോയമ്പത്തൂര്‍ പാതയില്‍ അന്തസ്സംസ്ഥാന സൂപ്പര്‍ എക്‌സ്പ്രസ് ഇറക്കിയതിനെതിരേ കെ.എസ്.ആര്‍.ടി.സി. മോട്ടോര്‍വാഹനവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. റൂട്ട് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതും ബസില്‍ റൂട്ട് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതും കളര്‍കോഡ് പാലിക്കാത്തതും നിയമലംഘനവുമാണെന്നാണ് പരാതി. റാന്നി-അങ്കമാലി-പാലക്കാട് ദേശസാത്കൃതപാത ഉപയോഗിക്കുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സി.യുടെ പ്രധാന വരുമാനമാര്‍ഗം ദേശസാത്കൃത പാതകളിലെ 1200 സൂപ്പര്‍ക്ലാസ് ബസുകളാണ്. ഓള്‍ ഇന്ത്യാ പെര്‍മിറ്റെടുക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്റ്റര്‍ചെയ്യുന്ന സംസ്ഥാനത്ത് മാത്രം നികുതി നല്‍കിയാല്‍ മതി. നികുതിനഷ്ടം ഒഴിവാക്കാന്‍ കേരളത്തിലേക്ക് കടക്കണമെങ്കില്‍ ഇവിടെ നികുതി അടയ്ക്കണമെന്നവ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത് ഓള്‍ ഇന്ത്യാ പെര്‍മിറ്റെടുത്താല്‍ ഇത് മറികടക്കാനാകും. മറ്റു സംസ്ഥാനങ്ങളില്‍ നികുതി നല്‍കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!