KSDLIVENEWS

Real news for everyone

സ്വൈരജീവിതം തകർന്നുവെന്ന് പരാതി; ഹർജിയുമായി ചന്ദേര പോലീസ് സ്റ്റേഷനിലെത്തിയത് സ്ത്രീകളും മുതിർന്നവരടക്കം 47 പേർ

SHARE THIS ON

തൃക്കരിപ്പൂർ ∙ ’സമാധാനപൂർണമായ ജീവിതം അസാധ്യമായിരിക്കുന്നു. ഒരു വ്യക്തിയുടെ നേതൃത്വത്തിലുള്ള അക്രമികളെ ഒതുക്കാൻ പൊലീസ് തയാറായില്ലെങ്കിൽ തങ്ങൾക്ക് ഇവിടെ കിടക്കേണ്ടിവരും’ സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ കൈക്കോട്ടു കടവ് ജമാഅത്ത് പരിധിയിൽ നിന്നു ചന്തേര പൊലിസ് സ്റ്റേഷനിൽ ബസിലെത്തിയ സ്ത്രീകളും പുരുഷൻമാരുമടങ്ങിയ 47 പേരടങ്ങിയ സംഘത്തിന്റെ സങ്കടമാണിത്. ചിലരുടെ അനാവശ്യമായ അതിക്രമവും അപവാദ പ്രചാരണവും  മൂലം മാസങ്ങളായി സ്വൈരജീവിതം തകർന്ന പ്രദേശത്തിന്റെ ആവലാതിയും ആശങ്കയും നിയമപാലകർ കേൾക്കണമെന്ന അപേക്ഷയുമായി സംഘടിതരായി എത്തിയവരെക്കണ്ട് പൊലീസും ആദ്യം അമ്പരന്നു. പിന്നീട് പർദധാരികളായ വീട്ടമ്മമാരുടെയും കൈക്കോട്ടു കടവ് നിവാസികളുടെയും പ്രയാസം പൊലീസ് സശ്രദ്ധം കേട്ടു.  ഏതാനും മാസങ്ങളായി കൈക്കോട്ടു കടവിൽ അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഏറ്റുമുട്ടൽ ഉണ്ടായതോടെയാണ് പ്രദേശവാസികൾ ബസും പിടിച്ച് സങ്കടം പറയാൻ പൊലീസിൽ എത്തിയത്. പ്രദേശത്തെ സംഘർഷാവസ്ഥയിൽ പൊലീസിന്റെ നിഷ്ക്രിയത്വം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് നാട്ടുകാർ സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞദിവസത്തെ ഏറ്റുമുട്ടലിൽ ഒരേ കുടുംബക്കാരായ കടവത്ത് വീട്ടിലെ അബ്ദുൽ അസീസ് (40), നസീഫ (55), ഹാജിറ (60), റഹ്മത്ത് (24) അബ്ദുല്ല (32), ആബിദ് (13), എട്ടു മാസം പ്രായമുള്ള കുട്ടി എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു സംഭവത്തിൽ മുഹമ്മദ് മുബഷീർ (32), മുഹമ്മദ് ഫായിസ് (31), മെഹബൂബ് (30), റഹീം (31) എന്നിവരെ തൃക്കരിപ്പൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് ഈ മേഖലയിൽ പട്രോളിങ് ശക്മാക്കണമെന്നും മുഖം നോക്കാത്ത നടപടി വേണമെന്നും വിവിധ മേഖലകളിൽ നിന്നു ആവശ്യം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!