അർധരാത്രി നിലവിളി,മൂന്നുപെൺകുട്ടികളുടെയും കഴുത്തറത്ത് പിതാവ്; ഭാര്യ ഉപേക്ഷിച്ചുപോയത് ഒന്നരവർഷം മുൻപ്

കോട്ടയം: പാലാ രാമപുരത്ത് പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്റെ ഇളയമകളായ അനാമിക(ഏഴ്)യുടെ ആരോഗ്യനിലയാണ് അതീവഗുരുതരമായി തുടരുന്നത്. അനാമിക ഉള്‍പ്പെടെ പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച അര്‍ധരാത്രി 12.30-ഓടെയാണ് രാമപുരം ചേറ്റുകളും സ്വദേശിയായ ജോമോന്‍ മൂന്ന് പെണ്‍മക്കളുടെയും കഴുത്തറത്തശേഷം ജീവനൊടുക്കിയത്. 13 വയസ്സുകാരി അനന്യ, പത്തുവയസ്സുകാരി അമേയ, ഏഴുവയസ്സുകാരി അനാമിക എന്നിവരാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായത്. മൂന്നുപെണ്‍മക്കളുടെയും കഴുത്തറത്തശേഷം ജോമോന്‍ തൂങ്ങിമരിക്കുകയായിരുന്നു. ജോമോന്റെ ഭാര്യ ഒന്നരവര്‍ഷം മുന്‍പാണ് ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് പോയത്. ഇതിനുശേഷം ജോമോനും മൂന്നുമക്കളും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇവരുടെ വീടിന് സമീപത്തായി ജോമോന്റെ അമ്മയും സഹോദരങ്ങളും താമസിക്കുന്നുണ്ട്. കഴിഞ്ഞദിവസം അര്‍ധരാത്രി പെണ്‍കുട്ടികളുടെ നിലവിളി കേട്ടതോടെയാണ് സമീപവാസികള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് സമീപവാസികളും അയല്‍ക്കാരും വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടികളെ പരിക്കേറ്റനിലയില്‍ കണ്ടത്. പിന്നാലെ ജോമോനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.

