റദ്ദാക്കിയ കരാറുകൾ പുനസ്ഥാപിച്ചേക്കും; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കം

തിരുവനന്തപുരം∙ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ധന സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും ചർച്ച നടത്തി. വിവിധ ടെണ്ടറുകൾ വിളിച്ചെങ്കിലും സ്വകാര്യ കമ്പനികൾ ഉയർന്ന നിരക്ക് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ, റദ്ദാക്കിയ 465 മെഗാവാട്ടിന്റെ 4 കരാറുകൾ പുനഃസ്ഥാപിക്കാന്‍ കഴിയുമോയെന്നാണു സർക്കാർ പരിശോധിക്കുന്നത്. സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മിഷനാണു കരാറുകൾ റദ്ദാക്കിയത്. ഇക്കാര്യം യോഗം ചർച്ച ചെയ്തു. സർക്കാര്‍ തലത്തിൽ ചർച്ച നടത്തിയശേഷം തുടര്‍ നടപടികൾ സ്വീകരിക്കും. TOP NEWS വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നീക്കം; കരാറിന് താൽപര്യം അറിയിച്ച് അദാനി, ഡിബി പവർ റദ്ദാക്കിയ കരാർ അനുസരിച്ച് യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്നു. ഇപ്പോൾ 7.30 രൂപയ്ക്ക് മുകളിലാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. 300 മെഗാവാട്ടിന്റെ ഹ്രസ്വകാല ടെണ്ടർ ഇന്ന് തുറന്നപ്പോൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ സന്നദ്ധത അറിയിച്ചത് എൻടിപിസിയാണ്. സെപ്റ്റംബറിലേക്ക് 7.60 രൂപയ്ക്കും ഒക്ടോബറിൽ 7.87രൂപയ്ക്കും വൈദ്യുതി നൽകാമെന്ന് കമ്പനി സമ്മതിച്ചു. തുടക്കത്തിൽ ഇതിലും ഉയർന്ന തുകയാണ് ആവശ്യപ്പെട്ടിരുന്നത്. കമ്പനിയുമായുള്ള ചർച്ചകൾ പൂർത്തിയായെങ്കിലും വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നവംബർ മാസത്തിലെ 100 മെഗാവാട്ട് വൈദ്യുതി സംബന്ധിച്ച ചർച്ചകൾ നടക്കുന്നു. നവംബറിൽ വൈദ്യുതി വിതരണം ചെയ്യാൻ യൂണിറ്റിന് 8.49 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 5 വർഷത്തേക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള 500 മെഗാവാട്ടിന്റെ ടെൻഡർ ഇന്നലെ തുറന്നപ്പോൾ അദാനി പവറും ഡിബി പവറും 403 യൂണിറ്റ് തരാമെന്ന് വാഗ്ദാനം നൽകിയിരുന്നു. അദാനി പവർ 303 മെഗാവാട്ട് 6.97 രൂപയ്ക്ക് നൽകാമെന്നാണു സമ്മതിച്ചത്. ഡിബി പവർ 100 മെഗാവാട്ട് 6.97 രൂപയ്ക്കും. പിന്നീട് രണ്ടു കമ്പനികളും 6.88 രൂപയ്ക്കു നൽകാമെന്ന് സമ്മതിച്ചു. ഉയർന്ന വിലയായതിനാൽ സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുകയാണ്. റദ്ദാക്കിയ കരാർ നിലനിന്നിരുന്നെങ്കിൽ 17 വർഷത്തേക്ക് 4.29 രൂപയ്ക്കും (350 മെഗാവാട്ട്) 4.15 രൂപയ്ക്കും (115 മെഗാവാട്ട്) വൈദ്യുതി ലഭിക്കുമായിരുന്നു.

