KSDLIVENEWS

Real news for everyone

കാൻസർ വരെ മാറ്റുന്ന വൈദ്യരാണ് എന്നുകേട്ടാണ് പോയത്; വഞ്ചിക്കപ്പെട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞ് സലിംകുമാർ

SHARE THIS ON

കരൾരോഗത്തിന് ചികിത്സയിൽ കഴിയവേ നിരവധി പാരമ്പര്യ വൈദ്യന്മാരിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ തുറന്നുപറഞ്ഞ് നടൻ സലിംകുമാർ. ബാലയും താനുമുൾപ്പെടെ പലരും മരണം തൊട്ടുമുന്നിൽക്കാണുന്ന സമയത്താണ് ആശുപത്രിയിൽ എത്തുന്നതെന്ന് സലിം കുമാർ പറഞ്ഞു. സ്വന്തം അനുഭവത്തിന്റെ കഥയാണ് തനിക്കുപറയാനുള്ളത്. എവിടെയൊക്കെ പ്രസംഗിച്ചാലും ഇനി ഇതിനേക്കുറിച്ച് പറയുമെന്നും താൻ അനുഭവിച്ചതുപോലെ ഇനിയാർക്കും ഉണ്ടാകരുതെന്നും സലിംകുമാർ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിൽ കരൾമാറ്റശസ്ത്രക്രിയ ആരംഭിച്ചതിന്റെ വാർഷിക പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സലിംകുമാർ.

സലിംകുമാറിന്റെ വാക്കുകളിലേക്ക്….

മഞ്ഞപ്പിത്തം സർവസാധാരണമായി ആളുകൾക്കുവരുന്ന അസുഖമാണ്. ഇത് ആരെങ്കിലും പറഞ്ഞാൽ അപ്പോൾ നാട്ടിൽ പറയും ഇന്ന സ്ഥലത്ത് ഒരു വൈദ്യനുണ്ട് അയാൾ തരുന്ന പൊടിമരുന്ന് കഴിച്ചാൽ രോഗം മാറുമെന്നൊക്കെ. വൈദ്യര് മരുന്ന് കൊടുത്താൽ മാറുന്ന മഞ്ഞപ്പിത്തം ഒന്നുംകഴിച്ചില്ലെങ്കിലുംമാറും. പാവപ്പെട്ട ജനങ്ങൾ അതു മനസ്സിലാക്കുന്നില്ല.

എനിക്ക് അസുഖമാണെന്നറിഞ്ഞപ്പോൾ സെർച്ച് ചെയ്തുനോക്കിയിരുന്നു, കരൾമാറ്റ ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂ എന്നറിഞ്ഞു. എന്നാൽ മറ്റെന്തെങ്കിലും മരുന്നുണ്ടോ എന്നുചിന്തിച്ചാണ് എറണാകുളത്തുള്ള ഒരു ഡി.വൈ.എസ്.പി. പറഞ്ഞതുകേട്ട് ഒറ്റപ്പാലത്തെ ഒരു വൈദ്യനെ കാണാൻ പോകുന്നത്. കാൻസർ വരെ മാറ്റുന്ന വൈദ്യരാണ് എന്നും കേട്ടു. അദ്ദേഹം എന്റെ നന്മകരുതി പറഞ്ഞതാണ്. അവിടെ ചെന്നപ്പോൾ 51 ദിവസത്തിനുള്ളിൽ ലിവർ സിറോസിസ് മാറ്റിത്തരുമെന്ന്. നിലംപരണ്ട എന്നൊരു മരുന്ന് 51 ദിവസം കഞ്ഞിയിലിട്ടു കുടിക്കാൻ പറഞ്ഞു. പക്ഷേ 501 ദിവസം കഴിച്ചിട്ടും മാറുന്നില്ല. ഒരുദിവസം വൈദ്യനെ വിളിച്ചപ്പോൾ അദ്ദേഹം വെല്ലൂർ കാൻസർ സെന്ററിലാണ് എന്നു പറഞ്ഞു.

ഇതേ പോലീസു​ദ്യോ​ഗസ്ഥൻ തന്നെ ചേർത്തലയിലുള്ള മറ്റൊരു വൈദ്യനെക്കുറിച്ചു പറയുന്നത്. ഓപ്പറേഷൻ ചെയ്യാനുള്ള പേടിയും ജീവിക്കാനുള്ള മോഹവും കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. അവിടെ ചെന്നപ്പോൾ വൈദ്യനൊപ്പം ഒരു ഫിസിഷ്യനും ഉണ്ടായിരുന്നു. അദ്ദേഹമാണ് മോഹനൻ വൈദ്യർ. ഇം​ഗ്ലീഷിൽ ഈ രോ​ഗത്തിന് മരുന്നില്ലെന്നും പറഞ്ഞു. തൊട്ടപ്പുറത്ത് ജൈവവളം കൊണ്ടു തയ്യാറാക്കിയ നെല്ല്, ചേന ഒക്കെയുണ്ട്. ഇതേ കഴിക്കാൻ പാടൂ എന്നുപറയുന്നതുകൊണ്ട് അതും വാങ്ങണം. എനിക്ക് നെല്ലുണ്ട്, എന്നുപറഞ്ഞാലും ഇതുവാങ്ങൂ എന്നു പറയും. പശു കഴിക്കുന്ന ഒരു പുല്ലാണ് തന്നത്. അത് കഴിക്കാനും പറ്റുന്നില്ലായിരുന്നു. കഴിക്കുമ്പോഴേക്കും രക്തം വരികയാണ്. മകനോട് വൈദ്യരെ വിളിക്കാൻ പറഞ്ഞപ്പോൾ, അകത്തുള്ള കുറച്ചുരക്തം പുറത്തുകളയാനുള്ള മരുന്നാണത് എന്നു പറഞ്ഞു. വീണ്ടും വിളിക്കാൻ മകനോട് പറഞ്ഞപ്പോൾ, അയാൾ ഫോണെടുക്കുന്നില്ല. അയാളെ വിശ്വസിച്ചു പോയതാണ്. മൂന്നുനാലു പ്രാവശ്യം വിളിച്ചപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്.

ഇതും ഡി.വൈ.എസ്.പി.യോട് പറഞ്ഞു. അപ്പോൾ മലയാറ്റൂരിലുള്ള മറ്റൊരു വൈദ്യനെക്കുറിച്ചു പറഞ്ഞു. ചെന്നപ്പോൾ 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെയാക്കി തരുന്ന മരുന്നാണ്. രാവിലെ തുടങ്ങി രാത്രിവരെ വറ്റിച്ചാണ് ഭാര്യ അതു തയ്യാറാക്കിയത്. ഭർത്താവിന്റെ അസുഖംമാറാനുള്ള ലേഹ്യമാണല്ലോ എന്നോർത്താണ് അവർ ചെയ്യുന്നത്. അതു കഴിച്ചുതുടങ്ങിയതും ഛർദി തുടങ്ങി. ഇത് വൈദ്യനോട് പറഞ്ഞപ്പോൾ ശരീരം റിജക്റ്റ് ചെയ്യുന്നതാണെന്നും ശരീരം പൊള്ളുമ്പോൾ ഉപയോ​ഗിച്ചോളൂ എന്നുമാണ് പറഞ്ഞത്. ഇതുപോലത്തെ അനുഭവമുള്ള നിരവധി പേരുണ്ട്.

വയനാട് ഒരു വൈദ്യർ എന്നെ ചികിത്സിച്ചെന്നും പറഞ്ഞുനടക്കുന്നുണ്ട്. ഞാൻ അയാളെ കണ്ടിട്ടുപോലുമില്ല. എവിടെ ചെന്നാലും അവിടുത്തെ വൈദ്യന്മാർ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടും. മലയാറ്റൂര് ചെന്നപ്പോൾ വണ്ണം അഞ്ചുകിലോ കൂടിയിട്ടുണ്ട്. മരുന്ന് ഫലിക്കുന്നതാണ് എന്നാണ് കക്ഷി പറഞ്ഞത്. വീട്ടിൽ ചെന്നുനോക്കിയപ്പോൾ വണ്ണംകൂടിയിട്ടില്ല. ഇത്തരത്തിൽ മനുഷ്യരെ പറ്റിക്കുന്നവരാണ്.

ബി.എ.എം.എസ്. പാസായവരെക്കുറിച്ചല്ല താൻ പറയുന്നതെന്നും മറിച്ച് പാരമ്പര്യ വൈദ്യന്മാരെക്കുറിച്ചാണെന്നും സലിംകുമാർ പറഞ്ഞു. വൃഷണത്തെ കിഡ്നിയെന്നു വരെ പറയുന്നവരുണ്ട്. ഇതൊന്നും അറിയാത്തവരിൽ നിന്നാണ് ലിവർ സിറോസിസിന് ചികിത്സയ്ക്കു പോകുന്നത്. ഇവരെല്ലാം എന്തിനും ചികിത്സിക്കും. ഇം​ഗ്ലീഷ് മരുന്ന് പേടിയായിട്ട് എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയെല്ലാം താൻ പോയിട്ടുണ്ടെന്നും മറ്റൊരാൾക്കും തന്റെ അനുഭവം ഉണ്ടാകാതിരിക്കാനാണ് തുറന്നുപറയുന്നതെന്നും സലിംകുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!