മണിപ്പൂർ കലാപം റിപ്പോർട്ട് ചെയ്തു; എഡിറ്റേഴ്സ് ഗിൽഡിന് സുപ്രീംകോടതിയുടെ സംരക്ഷണം; മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞു

ന്യൂഡൽഹി∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടിൽ എഡിറ്റേഴ്സ് ഗിൽഡിനും അവരൂടെ മൂന്നു മാധ്യമപ്രവർത്തകർക്കും സംരക്ഷണം നൽകി സുപ്രീംകോടതി. മാധ്യമപ്രവർത്തകർക്കെതിരെ മണിപ്പുർ സർക്കാർ റജിസ്റ്റർ ചെയ്ത കേസുകളിലുള്ള അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സെപ്റ്റംബർ 11 വരെ എഫ്ഐആറുകളിൽ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. മണിപ്പുർ കലാപത്തിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നതായും ഇംഫാലിലെ പത്രങ്ങൾ ഒട്ടേറെ വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചതായും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും ഇംഫാലിലെ മാധ്യമങ്ങള്‍ കുക്കി വിരുദ്ധവികാരം സൃഷ്ടിച്ചതായും സമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കിയ അംഗങ്ങൾക്കെതിരെയാണ് മണിപ്പുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സമിതിയുടെ റിപ്പോർട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്പോൺസേർഡും’ആണെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഇംഫാഴിലെ സാമൂഹികപ്രവർത്തകൻ എൻ.ശരത് സിങ് നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

