അന്ന് അഞ്ചുവയസ്സുകാരി, ഒരുമാസത്തിന് ശേഷം ആലുവയിൽ വീണ്ടും ക്രൂരത; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ

കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി വ്യാപക തിരച്ചില്‍. ആലുവയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പോലീസിന്റെ തിരച്ചില്‍ നടക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. ആലുവ ഭാഗത്ത് താമസിക്കുന്ന ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ ചില സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയും തിരച്ചില്‍ നടത്തിയ സമീപവാസികളും സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട. ഇയാള്‍ ചില മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും വിവരങ്ങളുണ്ട്. ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ അച്ഛന് കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാല്‍ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കള്‍ വീട്ടിലെ ഹാളിലും അമ്മ മുറിയിലുമാണ് കിടന്നിരുന്നത്. ഇതിനിടെയാണ് പ്രതി വീടിന്റെ വാതില്‍ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. ജനല്‍വഴി കൈയ്യിട്ട് വാതില്‍ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. പ്രതി കുട്ടിയുമായി പോകുന്നതിനിടെ കരച്ചില് കേട്ടാണ് സമീപവാസികള്‍ വിവരമറിയുന്നത്. ശബ്ദം കേട്ട് സമീപവാസി പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചു. ഇതോടെ പ്രതി കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം. തിരച്ചിലിനിറങ്ങിയ നാട്ടുകാര്‍ ചോരയൊലിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിവസ്ത്രയായി കരഞ്ഞുകൊണ്ടുവന്ന കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ വീടിന്റെ വാതില്‍ പുറത്തുനിന്ന പൂട്ടിയിട്ടനിലയിലായിരുന്നു. പീഡനത്തിനിരയായ എട്ടുവയസ്സുകാരി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ കുട്ടിക്ക് ഒരുശസ്ത്രക്രിയ നടത്തുമെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രിയില്‍നിന്നുള്ളവിവരം. ഒരുമാസത്തിന് ശേഷം ആലുവയില്‍ വീണ്ടും ക്രൂരത…. 2023 ജൂലായ് 29, കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് പിറകില്‍നിന്ന് കണ്ടെത്തിയെന്ന വാര്‍ത്ത അന്ന് ഏറെ വിങ്ങലോടെയാണ് കേരളം കേട്ടത്. വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലമാണ് അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന്റെ നടുക്കം മാറുംമുന്പേയാണ് ഒരുമാസത്തിന് ശേഷം ആലുവയില്‍ വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇത്തവണ നാട്ടുകാരുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി. പുലര്‍ച്ചെ സമയമായിട്ടും നാട്ടുകാര്‍ കാണിച്ച ജാഗ്രതയും ഇടപെടലും ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഈ കുഞ്ഞിന്റെ ജീവനും അപകടത്തിലായേനെ. അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം ബിഹാര്‍ സ്വദേശികളായ ദമ്പതിമാരുടെ മകളെ ജ്യൂസ് വാങ്ങിനല്‍കി പ്രലോഭിപ്പിച്ചാണ് അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയത്. മദ്യലഹരിയില്‍ കുട്ടിയുമായി ആലുവ മാര്‍ക്കറ്റിന് സമീപമെത്തിയ പ്രതി, ആളൊഴിഞ്ഞസ്ഥലത്തേക്ക് കൊണ്ടുപോയി അതിക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനുശേഷമാണ് കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം മാലിന്യങ്ങള്‍കൊണ്ട് മൂടിയിട്ടാണ് പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ അന്ന് വന്‍ ജനരോഷമാണുയര്‍ന്നത്.

